ബഹ്റൈനിൽ മോട്ടോസ്പോട്ട് പരീശീലന കേന്ദ്രം ആരംഭിച്ചു
വിൻഫീൽഡ് റൈസിങ് സ്കൂളും ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടും ചേർന്ന് മോട്ടോസ്പോട്ട് പരിശീലന സ്കൂൾ ബഹ്റൈനിൽ ആരംഭിച്ചു. ബി.ഐ.സിൽ നടന്ന മോട്ടോസ്പോട്ട് മത്സരങ്ങൾക്കിടെയായിരുന്നു സ്കൂളിന്റെ പ്രഖ്യാപനം. മോട്ടോസ്പോട്ടിൽ കഴിവുള്ള മിഡിൽ ഈസ്റ്റിലെയും ഏഷ്യാ പസഫിക് മേഖലകളിലെയും യുവ പ്രതിഭകളെ കണ്ടെത്താനും പരിശീലിപ്പിക്കാനും വിലയിരുത്താനുമാണ് സ്കൂളിന്റെ ലക്ഷ്യം. റേസിങ് താരങ്ങളെ വളർത്തിയെടുക്കുന്നതിന് പ്രശസ്തി നേടിയ ഫ്രഞ്ച് സ്ഥാപനമായ വിൻഫീൽഡ് റൈസിങ് സ്കൂൾ മിഡിൽ ഈസ്റ്റിലെ തങ്ങളുടെ ആദ്യസ്ഥാപനമാണ് ബഹ്റൈനിൽ ആരംഭിച്ചത്.
മോട്ടോസ്പോട്ട് പരിശീലന രംഗത്ത് 60 വർഷം പൂർത്തിയാക്കുന്ന വിൻഫീൽഡ് റൈസിങ് സ്കൂളിന് യൂറോപ്പിൽ വലിയ രീതിയിലുള്ള പ്രശസ്തിയുണ്ട്. 1960 മുതൽ 1990 വരെയുള്ള കാലയളവിൽ മാത്രം 30ൽപരം ഫോർമുല വൺ ഡ്രൈവർമാരെ സൃഷ്ടിച്ചെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അതിൽ 10 ഗ്രാൻഡ് പ്രിക്സ് ജേതാക്കളും രണ്ട് ലോക ചാമ്പ്യന്മാരുമടങ്ങുന്നു എന്നത് സ്കൂളിന്റെ പ്രശസ്തി ഉയർത്തുന്നു. ഈ വർഷം ബഹ്റൈൻ ഗ്രാൻഡ് പ്രിക്സിന്റെ 20ആം വാർഷികം ആഘോഷിക്കുന്ന ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിന് മോട്ടോർസ്പോർട്സ് രംഗത്ത് മിഡിൽ ഈസ്റ്റിൽ വലിയൊരു വിപ്ലവം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.