മനാമ റെട്രോ പരിപാടിയിൽ പങ്കെടുക്കാൻ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും
ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിക്കുന്ന മനാമ റെട്രോ പരിപാടിയിൽ ആഭ്യന്തര മന്ത്രാലയവും പങ്കെടുക്കുന്നു.
നാടിന്റെ മനോഹരമായ ഭൂതകാലത്തിന്റെ സുവർണ സ്മൃതികൾ പ്രദർശിപ്പിക്കുന്ന ഫെസ്റ്റിവൽ ജനുവരി 7 വരെ നീണ്ടുനിൽക്കും. ബഹ്റൈനിലെ പൊലീസ് പ്രവർത്തനത്തിന്റെ ചരിത്രം ഫെസ്റ്റിവലിൽ ദൃശ്യമാണ്. ബഹ്റൈൻ പൊലീസ് പരേഡടക്കം ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്.
പൊലീസ് യൂനിഫോമിന്റെ പരിണാമഘട്ടങ്ങൾ അനാവരണം ചെയ്യുന്ന പ്രദർശനവുമുണ്ട്. കഴിഞ്ഞ ദശകങ്ങളിൽ സുരക്ഷയും ക്രമസമാധാന പരിപാലനവും നിർവഹിക്കാനായി പൊലീസ് അനുവർത്തിച്ച കാര്യങ്ങളും വിശദമാക്കുന്നു. രാജ്യത്ത് ആദ്യമായി ഉപയോഗിച്ച ട്രാഫിക് ലൈറ്റിന്റെ പ്രദർശനം ശ്രദ്ധേയമാണ്.
1941ലാണ് ആദ്യമായി ട്രാഫിക് ലൈറ്റ് ഉപയോഗിച്ചത്. ട്രാഫിക് പട്രോളിങ് ഉപയോഗിച്ചിരുന്ന പഴയ മോട്ടോർസൈക്കിളുകൾ, പരമ്പരാഗത പീരങ്കികൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫുഡ് ടൂർ, ഗോൾഡ് ഷോപ് ടൂർ, സംഗീത- നാടക പ്രകടനങ്ങൾ, റെട്രോ ഗെയിമുകൾ, മ്യൂസിയം പ്രദർശനങ്ങൾ എന്നിങ്ങനെ നിരവധി പരിപാടികൾ മനാമ റെട്രോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.