എൽ.എം.ആർ.എ പരിശോധന ; ബഹ്റൈനിൽ 98 തൊഴിലാളികളെ നാടുകടത്തി
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടത്തി. ലേബർ മാർക്കറ്റ്, റസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുകയും കേസുകൾ നിയമനടപടിക്ക് വിടുകയും ചെയ്തു. ജൂലൈ 14 മുതൽ 20 വരെ കാലയളവിൽ 220 പരിശോധനകളാണ് നടത്തിയത്. ക്രമരഹിതരായ 40 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. 98 പേരെ നാടുകടത്തി.
10 സംയുക്ത പരിശോധന കാമ്പയിനുകൾക്ക് പുറമെ, കാപിറ്റൽ ഗവർണറേറ്റിൽ ആറ് കാമ്പയിനുകളും നടത്തി. മുഹറഖ്, നോർത്തേൺ ഗവർണറേറ്റുകളിൽ ഒന്നു വീതവും സതേൺ ഗവർണറേറ്റിൽ രണ്ടും കാമ്പയിനുകൾ നടന്നു.
ദേശീയത, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് (NPRA), പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് പരിശോധന കാമ്പയിൻ നടത്തിയത്. നിയമലംഘനങ്ങൾ വ്യാപകമായ സാഹചര്യത്തിൽ തുടർദിവസങ്ങളിലും പരിശോധനയുണ്ടാകും.