ബഹ്റൈൻ ദേശീയദിന ആഘോഷ പരിപാടികളിൽ പങ്കെടുത്ത് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ
ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 25ആം വാർഷികത്തിന്റെയും ഭാഗമായി സഖീർ പാലസിൽ സംഘടിപ്പിച്ച പരിപാടികളിൽ ഹമദ് രാജാവ് പങ്കെടുത്തു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ പ്രതിനിധി എഡിൻബർഗ് ഡ്യൂക്ക് എഡ്വേർഡ് രാജകുമാരന്റെയും സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ഹമദ് രാജാവ് ദേശീയ ദിന സന്ദേശം നൽകി.
രാഷ്ട്രത്തിന്റെ ആധുനിക യാത്രക്ക് തുടക്കമിട്ട പിതാവ് ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയെ ഹമദ് രാജാവ് അനുസ്മരിച്ചു. സാഹോദര്യത്തിലും ഐക്യത്തിലും പരസ്പര സ്നേഹത്തിലും മുന്നോട്ടുപോകാൻ സാധിക്കണമെന്നും ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തം നിർവഹിച്ച് രാജ്യത്തിന്റെ യശസ്സുയർത്താൻ ശ്രമിക്കണം. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും വളർച്ചക്കുമായി സമർപ്പിച്ചു കൊണ്ടിരിക്കുന്ന മുഴുവനാളുകൾക്കും ഹമദ് രാജാവ് നന്ദി രേഖപ്പെടുത്തി.