അന്താരാഷ്ട്ര വാണിജ്യ കോടതി ബഹ്റൈനിൽ ; കരാറിൽ ഒപ്പ് വച്ച് സിംഗപ്പൂരും ബഹ്റൈനും
![അന്താരാഷ്ട്ര വാണിജ്യ കോടതി ബഹ്റൈനിൽ ; കരാറിൽ ഒപ്പ് വച്ച് സിംഗപ്പൂരും ബഹ്റൈനും അന്താരാഷ്ട്ര വാണിജ്യ കോടതി ബഹ്റൈനിൽ ; കരാറിൽ ഒപ്പ് വച്ച് സിംഗപ്പൂരും ബഹ്റൈനും](https://news.radiokeralam.com/h-upload/2024/03/21/386711-photoofsingaporebahraintreatysigningceremony-scaled.webp)
ബഹ്റൈൻ ഇന്റർനാഷനൽ കമേഴ്സ്യൽ കോർട്ട് ബഹ്റൈനിൽ സ്ഥാപിക്കുന്നതിനുള്ള ഉഭയകക്ഷി ഉടമ്പടിയിൽ ബഹ്റൈൻ സർക്കാറും സിംഗപ്പൂർ സർക്കാറും ഒപ്പുവെച്ചു. ബഹ്റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദയും സിംഗപ്പൂരിനെ പ്രതിനിധാനംചെയ്ത് ആഭ്യന്തര, നിയമകാര്യ മന്ത്രി കാസിഫിസോ അനാഥാൻ ഷൺമുഖവുമാണ് ഓൺലൈനായി കരാറിൽ ഒപ്പുവെച്ചത്.
ബി.ഐ.സി.സിയിൽ നിന്നുള്ള അപ്പീലുകൾ സിംഗപ്പൂരിലെ ഉന്നതബോഡി പരിഗണിക്കാനും ധാരണയായി. രണ്ട് അന്താരാഷ്ട്ര വാണിജ്യ കോടതികൾ തമ്മിലുള്ള സഹകരണം അന്താരാഷ്ട്ര വാണിജ്യ തർക്ക പരിഹാരത്തിന്റെ നിലവാരം വികസിപ്പിക്കുന്നതിന് സഹായകമാകും. ഉപയോക്താക്കൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള പുതിയ വേദി നിലവിൽ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമാകുകയും ചെയ്യും.
2023ൽ ബഹ്റൈൻ, സിംഗപ്പൂർ ജുഡീഷ്യറികൾ തമ്മിൽ സഹകരണം സംബന്ധിച്ച ധാരണപത്രം ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ മെയിൽ ചീഫ് ജസ്റ്റിസ് മേനോന്റെ നേതൃത്വത്തിലുള്ള സിംഗപ്പൂർ പ്രതിനിധി സംഘം ബഹ്റൈൻ സന്ദർശിച്ചിരുന്നു. ഇതിനുശേഷമുള്ള മറ്റൊരു നാഴികക്കല്ലാണ് പുതിയ ഉടമ്പടിയെന്നാണ് വിലയിരുത്തൽ.