ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം; രണ്ട് ബഹ്റൈൻ സൈനികർക്ക് വീരമൃത്യു
സൗദി-യമന്‍ അതിര്‍ത്തിയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ബഹ്റൈൻ സൈനികർ കൊല്ലപ്പെട്ടു. അതിർത്തിയിൽ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഹൂതികളുടെ ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ തങ്ങളുടെ ഒരു ഉദ്യോഗസ്ഥനും ഒരു സൈനികനും കൊല്ലപ്പെട്ടതായ ബഹ്റൈൻ കമാൻഡ് അറിയിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും സൈന്യത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
'അയല്‍ രാജ്യമായ സൗദി അറേബ്യയുടെ തെക്കന്‍ അതിര്‍ത്തികള്‍ സംരക്ഷിക്കുക എന്ന പവിത്രമായ ദേശീയ കടമ നിര്‍വഹിക്കുന്നതിനിടയിലാണ് സൈനികര്‍ രക്തസാക്ഷിത്വം വരിച്ചത്.വീര രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു'വെന്നും പ്രസ്താവനയില്‍ അറിയിച്ചു.
'ഓപ്പറേഷന്‍ ഡിസിസീവ് സ്റ്റോമിലും ഓപ്പറേഷന്‍ റിസ്റ്റോറിംഗ് ഹോപ്പിലും'പങ്കെടുത്ത അറബ് സഖ്യസേനയുടെ ഭാഗമായിരുന്നു അവര്‍. ഹൂതികളാണ് ഈ ഹീനമായ ഭീകരപ്രവര്‍ത്തനം നടത്തിയത്. സൗദി അറേബ്യയുടെ പരിധിയിലുള്ള ബഹ്റൈന്‍ ടാസ്‌ക് ഫോഴ്സിന്റെ സ്ഥാനങ്ങള്‍ ലക്ഷ്യമാക്കി അവര്‍ ഡ്രോണുകള്‍ അയച്ചു. യെമനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ സ്ഥാപിതമായ വെടിനിര്‍ത്തല്‍ നിലനില്‍ക്കെയാണ് ഈ സംഭവം നടന്നതെന്നും സൈന്യം പ്രസ്താവനയിൽ പറയുന്നു.