ബഹ്റൈനിൽ വാരാന്ത്യ അവധിയിൽ മാറ്റം വേണമെന്ന ആവശ്യം; ക്യത്യമായ പഠനം വേണം
ബഹ്റൈനിൽ വാരാന്ത്യ അവധി മാറ്റത്തിൽ കൂടുതൽ സൂക്ഷ്മമായ പഠനം വേണമെന്ന് പാർലമെന്റിലെ സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് ആവശ്യപ്പെട്ടു. പാർലമെന്റ് നിർദേശം മുന്നോട്ടു വെക്കുന്നതിന് മുമ്പ് കൃത്യമായ പഠനം ആവശ്യമാണ്. രണ്ട് ഭാഗത്തെയും പിന്തുണക്കാൻ തങ്ങളുടെ ബ്ലോക്ക് ആഗ്രഹിക്കുന്നില്ലെന്ന് വക്താവ് ഖാലിദ് ബൂ ഉനുഖ് എം.പി വ്യക്തമാക്കി. വെള്ളിയാഴ്ചക്ക് പകരം ഞായറാഴ്ച വാരാന്ത്യ അവധിയാക്കണമെന്ന ഏതാനും എം.പിമാരുടെ നിർദേശം സമൂഹത്തിൽ വലിയ ആശയക്കുഴപ്പവും ആശങ്കയും ഉയർത്തിയിരുന്നു.
സർക്കാർ മേഖലകളിൽ മാത്രം വാരാന്ത്യ അവധി മാറ്റമുണ്ടാകുമ്പോൾ സ്വകാര്യ മേഖലയും പൊതു മേഖലയും തമ്മിലുള്ള അന്തരം കൂടുകയും അത് രാജ്യത്തെ സാമ്പത്തിക വളർച്ചയെ ബാധിക്കുകയും ചെയ്യും. സാമൂഹിക, സാമ്പത്തിക മേഖലകളിൽ അവധി മാറ്റമുണ്ടാക്കുന്ന പ്രതിഫലനങ്ങളെ കുറിച്ച് കൃത്യമായ പഠനം നടത്താതെയാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചതെന്നും സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് അംഗങ്ങൾ ചൂണ്ടിക്കാട്ടി.