സെലിബ്രേറ്റ് ബഹ്റൈൻ ; മുഹറഖ് നൈറ്റ്സിന് പ്രൌഢ ഗംഭീര തുടക്കം
ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) സെലിബ്രേറ്റ് ബഹ്റൈൻ 2024 സീസൺ പ്രമോഷനൽ ക്യാമ്പയിനിന്റെ ഭാഗമായ മുഹറഖ് നൈറ്റ്സിന് പ്രൗഢമായ തുടക്കം. ഈ മാസം 30 വരെ യുനെസ്കോ സംരക്ഷിത സ്മാരക പട്ടികയിലുള്ള പേളിങ് പാത്തിൽ നടക്കുന്ന ‘മുഹറഖ് നൈറ്റ്സ്’ കാഴ്ചക്കാർക്ക് അതുല്യമായ അനുഭവം പ്രദാനം ചെയ്യും. കുട്ടികളുടെ പ്രോഗ്രാമുകൾ, കരകൗശല പ്രദർശനങ്ങൾ, ഭക്ഷണം, സംഗീതം എന്നിവയുൾപ്പെടെയുള്ള സർഗാത്മകവും സംവേദനാത്മകവുമായ പ്രവർത്തനങ്ങളുടെ വൈവിധ്യമാർന്ന സംയോജനമാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
ഞായർ -ബുധൻ വൈകീട്ട് അഞ്ചു മുതൽ 10 വരെയും വ്യാഴം -ശനി വൈകീട്ട് അഞ്ചു മുതൽ അർധരാത്രി വരെയുമാണ് ഫെസ്റ്റിവൽ. ബഹ്റൈനിന്റെ സമ്പന്നമായ ചരിത്രം ആഘോഷിക്കുന്ന സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളുമാണ് പരിപാടിയുടെ ഭാഗമായി നടക്കുക. പേളിങ് പാത്തിലുടനീളം സഞ്ചാരികളെയും കലാസ്വാദകരെയും ആകർഷിക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ബഹുവർണങ്ങളിൽ പേളിങ് പാത്താകെ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ബഹ്റൈനിന്റെ തനത് സാംസ്കാരിക സമ്പത്ത് വിശദമാക്കുന്ന കലാപരിപാടികളാണ് വിവിധ വേദികളിലായി നടക്കുക. മുഹറഖിലാകെ ഉത്സവപ്രതീതി സൃഷ്ടിച്ചുകൊണ്ട് ഒരുക്കം പൂർത്തിയായിക്കഴിഞ്ഞു.
സെലിബ്രേറ്റ് ബഹ്റൈന്റെ ഭാഗമായി ഡിസംബറിലുടനീളം വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് രാജ്യത്ത് നടക്കുക. ഹെറിറ്റേജ് വില്ലേജ് ഫെസ്റ്റിവൽ, മനാമ നൈറ്റ്സ് എന്നിവ വരും ദിവസങ്ങളിൽ കലാസ്വാദകരെ ആകർഷിക്കും. അവിസ്മരണീയ അനുഭവമായിരിക്കും ഈ സീസൺ കാഴ്ചക്കാർക്ക് സമ്മാനിക്കുകയെന്ന് ടൂറിസം മന്ത്രിയും ബി.ടി.ഇ.എ ചെയർപേഴ്സനുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി പറഞ്ഞു.