ഗാസയിലെ വെടിനിർത്തൽ ; അമേരിക്ക , ഈജിപ്റ്റ് , ഖത്തർ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന സ്വാഗതം ചെയ്ത് ബഹ്റൈൻ
ഗാസ്സയിലെ വെടിനിർത്തലും സഹായ പദ്ധതികളും തുടരുന്നത് സംബന്ധിച്ച് അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നീ രാഷ്ട്രങ്ങൾ സംയുക്തമായി ഇറക്കിയ പ്രസ്താവനയെ ബഹ്റൈൻ സ്വാഗതം ചെയ്തു. ബന്ദികളെ മോചിപ്പിക്കാനും അടിയന്തര വെടിനിർത്തൽ ഏർപ്പെടുത്താനും പ്രയാസപ്പെടുന്നവർക്ക് ഭക്ഷണ വസ്തുക്കളടക്കമുള്ള അടിയന്തര സഹായമെത്തിക്കാനുമുള്ള ആഹ്വാനമാണ് പ്രസ്താവനയിലൂടെ മുന്നോട്ട് വെച്ചിട്ടുള്ളത്.
ഗാസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന ബഹ്റൈൻ ആവശ്യത്തെ പിന്തുണക്കുന്ന പ്രസ്താവനയായതിനാൽ ഇതിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. കിഴക്കൻ ഖുദുസ് കേന്ദ്രമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമെന്ന ആശയമാണ് ബഹ്റൈൻ മുന്നോട്ടു വെക്കുന്നതെന്നും മേഖലയിലെ നിത്യ സമാധാനത്തിന് ഈ ഫോർമുല അംഗീകരിക്കൽ അനിവാര്യമാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.