വാഹനാപകടം ;ബഹ്റൈനിൽ കഴിഞ്ഞ വർഷം ജീവൻ നഷ്ടമായത് 33 പേർക്കെന്ന് കണക്കുകൾ
2023ൽ ബഹ്റൈനിൽ വാഹനാപകടങ്ങളിൽ 33 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി കണക്കുകൾ. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പുറത്തുവിട്ട പുതിയ റിപ്പോർട്ട് വാഹനാപകടത്തിൽ പരിക്കുപറ്റിയവരെക്കുറിച്ചുള്ള വിവരങ്ങളുമടങ്ങിയതാണ്. 2023ൽ വാഹനാപകടങ്ങളിൽ മരിച്ചവരിൽ 30 പേർ പുരുഷന്മാരും മൂന്നുപേർ സ്ത്രീകളുമാണ്. മരിച്ചവരുടെ എണ്ണത്തിൽ 2022നെ അപേക്ഷിച്ച് വർധനയുണ്ട്. 24 പുരുഷന്മാരും മൂന്ന് സ്ത്രീകളുമടക്കം 27 പേർക്കാണ് 2022ൽ ജീവൻ നഷ്ടപ്പെട്ടത്.
ഗുരുതരവും നിസ്സാരവുമായ പരിക്കുകളുടെ എണ്ണവും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2023ൽ 236 പുരുഷന്മാർക്ക് വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റു, 45 സ്ത്രീകളാണ് ഗുരുതര സ്വഭാവത്തിലുള്ള പരിക്കേറ്റവർ. 199 പുരുഷന്മാർക്കും 86 സ്ത്രീകൾക്കും ചെറിയ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2022നെ അപേക്ഷിച്ച്, ഗുരുതരമായി പരിക്കേറ്റ പുരുഷന്മാരുടെ എണ്ണം വർധിച്ചു. 2022ൽ 228 ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീകളുടെ എണ്ണം 37ൽനിന്ന് 45 ആയി ഉയർന്നു. ചെറിയ തോതിൽ പരിക്കേറ്റവരൂടെ എണ്ണത്തിൽ കാര്യമായ വർധനയില്ല.
2021ൽ 52 പേരും 2020ൽ 53ഉം പേരുമാണ് വാഹനാപകടത്തിൽ മരിച്ചത്. 2017ൽ 77 പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ വർഷം 287 ഡ്രൈവർമാരെ മദ്യപിച്ച് വാഹനമോടിച്ചതിനും 596 പേരെ ലൈസൻസ് ഇല്ലാതെ വാഹനം ഉപയോഗിച്ചതിനും ട്രാഫിക് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതേ കാലയളവിൽ 1,61,660 പേർ അമിത വേഗത്തെത്തുടർന്ന് പിടിയിലായിരുന്നു. അമിതവേഗവും ലൈൻ തെറ്റിച്ചുള്ള ട്രാഫിക്കുമാണ് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നതെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ നിഗമനം.ഒരു ലെയിനിൽ നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് മാറുക,ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ് എന്നിവയും അപകടത്തിനിടയാക്കുന്നു.
സീറ്റ് ബെൽറ്റ് ധരിക്കാത്തത് മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച് ട്രാഫിക് അധികൃതർ ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്. സീറ്റ് ബെൽറ്റ് ഉപയോഗത്തിന്റെ ആവശ്യകത സംബന്ധിച്ച് കഴിഞ്ഞ ദിവസവും ട്രാഫിക് ഡയറക്ടറേറ്റ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.