മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിന് വിപുലമായ പദ്ധതികളുമായി ബഹ്റൈൻ
രാജ്യത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികൾ ചർച്ച ചെയ്തു. ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, എണ്ണ, പരിസ്ഥിതി കാര്യ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈനയെ സ്വീകരിച്ചു സംസാരിക്കവേയാണ് രാജ്യത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തത്.
സമുദ്ര സുരക്ഷ, സമുദ്ര സമ്പദ് സംരക്ഷണം എന്നിവക്കായി പരസ്പരം സഹകരിക്കാനും അതുവഴി സുസ്ഥിര വികസനം ഉറപ്പാക്കാനുമുള്ള ചർച്ചകളും നടന്നു. നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും കാലാനുസൃതമായി പരിഷ്കരിച്ച് മത്സ്യസമ്പത്ത് പരിപാലിക്കേണ്ടതുണ്ട്. സമുദ്ര സുരക്ഷയിൽ കോസ്റ്റ് ഗാർഡിന്റെ പങ്ക് ശ്രദ്ധേയമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ, കോസ്റ്റ് ഗാർഡ് കമാൻഡർ ബ്രിഗേഡിയർ ജാസിം മുഹമ്മദ് അൽ ഗതം എന്നിവരും സന്നിഹിതരായിരുന്നു.