എണ്ണയിതര മേഖലയിൽ 2.8 ശതമാനത്തിൻ്റെ വാർഷിക വളർച്ചയുമായി ബഹ്റൈൻ
ബഹ്റൈന് എണ്ണ ഇതര മേഖലയിൽ 2.8ശതമാനം വാർഷിക വളർച്ചയുണ്ടായെന്ന് കണക്കുകൾ. എണ്ണ മേഖലയിൽ 6.7ശതമാനം ഇടിവ് ഉണ്ടായെങ്കിലും എണ്ണ ഇതര മേഖലയിലെ വളർച്ച ശുഭസൂചകമാണ്. ധനകാര്യ-ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രാലയം www.mofne.gov.bh വെബ്സൈറ്റിൽ പുറത്തുവിട്ട 2024-ലെ ബഹ്റൈൻ സാമ്പത്തിക ത്രൈമാസ റിപ്പോർട്ടിലാണ് ഈ കണക്കുകൾ.
2024 രണ്ടാം പാദത്തിൽ യഥാർഥ ജി.ഡി.പി വളർച്ച 2024 സാമ്പത്തികവർഷം രണ്ടാം പാദത്തിൽ 1.3ശതമാനം ആണ്. ഗതാഗതം, സ്റ്റോറേജ് മേഖല 2024 രണ്ടാം പാദത്തിൽ 12.9ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചു. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് 11.2ശതമാനം വളർച്ചയോടെ തൊട്ടുപിന്നിലുണ്ട്.
ടൂറിസം മേഖല വർധിച്ചുവരുന്ന ഡിമാൻഡിന്റെ ഫലമായി 10.6ശതമാനം വളർച്ച നേടി. സാമ്പത്തിക, ഇൻഷുറൻസ് മേഖല, യഥാർഥ ജി.ഡി.പി.യുടെ 17.1ശതമാനം പ്രദാനം ചെയ്ത് സമ്പദ്വ്യവസ്ഥയിലെ ഏറ്റവും വലിയ ശക്തിയായി തുടർന്നു. 2.1ശതമാനം വാർഷിക വളർച്ചയും സാമ്പത്തിക, ഇൻഷുറൻസ് മേഖല കൈവരിച്ചു.
ഉൽപാദന മേഖല മുൻവർഷം രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.7ശതമാനം വളർച്ചയും രേഖപ്പെടുത്തി. യഥാർത്ഥ ജി.ഡി.പിയുടെ 85.2ശതമാനം വരുന്ന സാമ്പത്തിക വളർച്ചയെ നയിക്കുന്നത് എണ്ണ ഇതര മേഖലയാണ്. എണ്ണ ഇതര മേഖലയുടെ പങ്ക് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. മൊത്തത്തിലുള്ള വിദേശ നിക്ഷേപം 9.0ശതമാനം വർധിച്ച് മൊത്തം 16.6 ബില്യൺ ദീനാറായി.