2025ലെ അവധി രേഖപ്പെടുത്തിയ കലണ്ടർ പുറത്തിറക്കി ബഹ്റൈൻ
2025ലെ അവധികൾ രേഖപ്പെടുത്തിയ കലണ്ടർ ബഹ്റൈൻ ഔദ്യോഗികമായി പുറത്തിറക്കി. ഈ വർഷം ആകെ 17 അവധി ദിനങ്ങളാണുണ്ടാവുക. പുതുവത്സരദിന അവധിയോടെ തുടക്കമായി.
കലണ്ടർ അനുസരിച്ച്, ഏറ്റവും ദൈർഘ്യമേറിയ അവധി ദിനങ്ങൾ ഈദുൽ ഫിത്റിനും അറഫ ദിനം, ഈദുൽ അദ്ഹയിലുമാണ്. ഈദുൽ ഫിത്ർ അവധി മാർച്ച് 28 വെള്ളിയാഴ്ച മുതൽ ഏപ്രിൽ ഒന്ന് ചൊവ്വ വരെ ആയിരിക്കും. മേയ് ഒന്ന് ചൊവ്വാഴ്ച തൊഴിലാളി ദിനം ആഘോഷിക്കും. അറഫ ദിനവും ഈദുൽ അദ്ഹയും പ്രമാണിച്ച് ജൂൺ ആറ് വെള്ളിയാഴ്ച മുതൽ ജൂൺ 10, ചൊവ്വാഴ്ച വരെയാണ് അവധി. ജൂൺ 26 വ്യാഴാഴ്ച ഹിജ്റ വർഷ ആരംഭമായിരിക്കും. ജൂലൈ 5, 6, ശനി, ഞായർ ദിവസങ്ങളിൽ ആശൂറ അവധിയായിരിക്കും. ശനിയാഴ്ചത്തെ ഔദ്യോഗിക അവധിക്ക് പരിഹാരമായി തിങ്കളാഴ്ച കൂടി അവധിയുണ്ടാകും. നബിദിന അവധി സെപ്റ്റംബർ 4 വ്യാഴാഴ്ചയാണ്. വെള്ളി, ശനി അവധിയായതിനാൽ മുന്ന് ദിവസം തുടർച്ചയായ അവധി ലഭിക്കും.
ദേശീയ ദിനത്തിന്റെയും ഹമദ് രാജാവിന്റെ സിംഹാസനാരോഹണത്തിന്റെയും ഭാഗമായി ഡിസംബർ 16, 17 തീയതികളിൽ അവധിയായിരിക്കും. ചൊവ്വാഴ്ചയും ബുധനാഴ്ചയും. ഈ വർഷം ജനുവരി 19 മുതൽ ജനുവരി 30 വരെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇടക്കാല അവധിയും നൽകിയിട്ടുണ്ട്.