അനധികൃതമായി തൊഴിൽ എടുത്തിരുന്ന തൊഴിലാളികളെ നാടുകടത്തി ബഹ്റൈൻ ; പരിശോധനകൾ ശക്തം
കഴിഞ്ഞ ഒരാഴ്ചക്കിടെ ബഹ്റൈനിൽ നിന്ന് 189 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിൽ 119 നിയമവിരുദ്ധ തൊഴിലാളികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. മൊത്തം 1317 പരിശോധനകളാണ് ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ടു വരെയുള്ള ഒരാഴ്ചക്കാലയളവിൽ നടത്തിയത്.
തൊഴിൽ, താമസവിസ നിയമങ്ങൾ ലംഘിച്ചവരാണ് പിടികൂടപ്പെട്ടവരിൽ അധികവും. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി റിമാൻഡ് ചെയ്തിരിക്കുകയാണ്. തൊഴിലിടങ്ങൾ, സ്ഥാപനങ്ങൾ, തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന ഇടങ്ങൾ എന്നിവിടങ്ങളിലായിരുന്നു വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ അതോറിറ്റികളുടെയും സഹകരണത്തോടെ പരിശോധന നടത്തിയത്.
നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി, പൊലീസ് ഡയറക്ടറേറ്റുകൾ, വാണിജ്യ, വ്യവസായ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ. വരുംദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.