ജോർദാൻ രാജാവിന്റെ സന്ദർശനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ മന്ത്രിസഭാ യോഗം
ജോർഡൻ രാജാവ് അബ്ദുല്ല അൽഥാനി ഇബ്നുൽ ഹുസൈന്റെ ബഹ്റൈൻ സന്ദർശനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയും ചർച്ചയും ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധം ദൃഢമാക്കുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണം ശക്തമാക്കുന്നതിനും സഹായകമായതായും വിലയിരുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുണ്ടായ കാറ്റും മഴയും മൂലമുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കുന്നതിന് മന്ത്രിസഭ നിർദേശിച്ചു. കെടുതികൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ച ആഭ്യന്തര മന്ത്രാലയം, സിവിൽ ഡിഫൻസ് ഫോഴ്സ്, ട്രാഫിക് വിഭാഗം, മുനിസിപ്പൽ, കാർഷിക മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം എന്നിവക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. റഷ്യയിലുണ്ടായ തീവ്രവാദ ആക്രണമത്തെ ശക്തമായി അപലപിക്കുകയും റഷ്യൻ ഭരണകൂടത്തിനും ജനങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. യു.എ.ഇ - ബഹ്റൈൻ നിയമകാര്യ മന്ത്രാലയങ്ങൾ തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെക്കുന്നതിനുള്ള അനുമതി നൽകി.
വിദ്യാഭ്യാസ മേഖലയിൽ ഐ.ടി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള യുനെസ്കോ കിങ് ഹമദ് അവാർഡ് സംബന്ധിച്ച വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രി സഭയിൽ അവതരിപ്പിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.