ബഹ്റൈനിൽ ടൂറിസ്റ്റ് വിസയിൽ എത്തി തൊഴിൽ വിസയിലേക്ക് മാറുന്നത് തടയും; തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് കർമപദ്ധതി നടപ്പാക്കുമെന്നും മന്ത്രി
ടൂറിസ്റ്റ് വിസയിൽ എത്തി തൊഴിൽ വിസയിലേക്ക് മാറുന്നത് തടയുമെന്നും പ്രവാസി തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് കർമപദ്ധതി നടപ്പാക്കുമെന്നും എൽ.എം.ആർ.എ ചെയർമാനും തൊഴിൽ മന്ത്രിയുമായ ജമീൽ ഹുമൈദാൻ പറഞ്ഞു. എൽ.എം.ആർ.എയുടെ പ്രവർത്തനം സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമലംഘനം നടത്തിയ 103,000 പ്രവാസി തൊഴിലാളികളിൽ 42,000 പേർ പുതിയ വൊക്കേഷണൽ എംപ്ലോയിമെന്റ് സ്കീമിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തൊഴിൽ മന്ത്രി പറഞ്ഞു.
31,000 പേർ രാജ്യം വിടുകയോ സ്പോൺസറുടെ കീഴിൽ ജോലി നേടുകയോ ചെയ്തിട്ടുണ്ട്. 26,000 പേരുടെ നിയമലംഘനം കണ്ടെത്തിയിട്ടുണ്ട്. ടൂറിസ്റ്റ് വിസയിൽ ബഹ്റൈനിലെത്തിയശേഷം പ്രവാസികൾ തൊഴിൽ വിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പിമാരുടെ സമിതി ആവശ്യപ്പെട്ടിരുന്നു. 39 ശുപാർശകളാണ് മംദൂഹ് അൽ സാലിഹ് ചെയർമാനായ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കുന്ന സമിതി മുന്നോട്ടുവെച്ചത്. തൊഴിൽ നിയമ ലംഘനം കണ്ടുകൊണ്ട് സർക്കാർ വെറുതെയിരിക്കുകയല്ലെന്നും പ്രവാസി തൊഴിലാളികളെ നിരീക്ഷണത്തിന് കീഴിലാക്കാൻ കർമ്മ പദ്ധതിയുണ്ടെന്നും തൊഴിൽ മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് വിസയിലെത്തുന്ന പ്രവാസികൾ തൊഴിൽ വിസയിലേക്ക് മാറുന്നതിൽ നിന്ന് വിലക്കപ്പെടും.അതേസമയം 2019 മുതൽ 2023 ജൂൺ വരെ കാലയളവിൽ ടൂറിസ്റ്റ് വിസയിൽ വന്ന 85,246 പ്രവാസികൾക്ക് വിസ മാറ്റാൻ അനുമതി നൽകി.
2