2026ലെ യു.എഫ്.ഐ ഗ്ലോബൽ കോൺഫറൻസ് ബഹ്റൈനിൽ
2026ൽ നടക്കുന്ന 93ാമത് ഗ്ലോബൽ അസോസിയേഷൻ ഓഫ് ദി എക്സിബിഷൻ ഇൻഡസ്ട്രി യു.എഫ്.ഐ ഗ്ലോബൽ കോൺഫറൻസിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കും. ഇത് സംബന്ധിച്ച് നടന്ന അന്താരാഷ്ട്ര തെരഞ്ഞെടുപ്പിൽ ബഹ്റൈൻ വിജയിച്ചതായി അധികൃതർ പറഞ്ഞു. അടുത്തിടെ സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടന്ന യു.എഫ്.ഐ യൂറോപ്യൻ കോൺഫറൻസ് 2024ൽ എക്സിബിഷൻ ഇൻഡസ്ട്രി ബോർഡിന്റെ ഗ്ലോബൽ അസോസിയേഷനായ യു.എഫ്.ഐ, ബഹ്റൈന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് 2026ലെ കോൺഫറൻസിന് ബഹ്റൈന് നറുക്ക് വീണത്.
അന്താരാഷ്ട്ര പ്രദർശന വ്യവസായത്തിലെ ഏറ്റവും വലിയ പരിപാടിയാണ് യു.എഫ്.ഐ ഗ്ലോബൽ കോൺഫറൻസ്. ബഹ്റൈനിൽ ഇത് നടക്കാൻ പോകുന്നത് ആദ്യമായാണ്. 2026 നവംബറിൽ സാഖിറിലെ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലായിരിക്കും സമ്മേളനം നടക്കുക. യു.എഫ്.ഐ ഗ്ലോബൽ കോൺഗ്രസിന്റെ ആതിഥേയസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പറഞ്ഞു. ബഹ്റൈന്റെ ആതിഥ്യമര്യാദയും രാജ്യം വാഗ്ദാനം ചെയ്യുന്ന നിരവധി അവസരങ്ങളും അനുഭവിക്കാൻ ലോകമെമ്പാടുമുള്ള പ്രതിനിധികളെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും യു.എഫ്.ഐ പ്രതിനിധി ജെഫ് ഡിക്കിൻസണും പറഞ്ഞു. പരിപാടി ബഹ്റൈനിലേക്ക് എത്തിക്കാനുള്ള ശ്രമം ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ (ബി.ടി.ഇ.എ) നേതൃത്വത്തിലാണ് നടന്നത്. ലോകമെമ്പാടുമുള്ള നൂറുകണക്കിന് വ്യവസായ പ്രഫഷനലുകളെയും വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ തീരുമാനമെടുക്കുന്നവരെയും ആകർഷിക്കാൻ പരിപാടി രാജ്യത്തെ പ്രാപ്തമാക്കും. യു.എഫ്.ഐ ഗ്ലോബൽ കോൺഗ്രസ് ബഹ്റൈനിലേക്ക് എത്തുന്നത് ടൂറിസം മേഖലക്കും ഉണർവുണ്ടാക്കും.