ദുബൈയിൽ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ആറ് മാറ്റങ്ങൾ അറിഞ്ഞിരിക്കാം
1. ദുബൈ മാളിൽ പെയ്ഡ് പാർക്കിങ്
ദുബൈ മാളിൽ ജൂലൈ ഒന്ന് മുതൽ പെയ്ഡ് പാർക്കിങ് സംവിധാനം പ്രാബല്യത്തിൽ. ടോൾ ഓപറേറ്ററായ സാലിക്കിനാണ് പെയ്ഡ് പാർക്കിങ്ങിന്റെ നിയന്ത്രണം. പ്രവൃത്തി ദിനങ്ങളിൽ ആദ്യ ഒരു മണിക്കൂർ പാർക്കിങ് സൗജന്യമാണ്. ശേഷം 20 മുതൽ 1000 ദിർഹം വരെയാണ് ഫീസ്. വാരാന്ത്യങ്ങളിൽ ആദ്യ ആറ് മണിക്കൂർ പാർക്കിങ് സൗജന്യമാണ്. തുടർന്നുള്ള ഓരോ മണിക്കൂറിനും ചാർജ് ഈടാക്കും. പാർക്കിങ് ഗേറ്റുകളിൽ ഘടിപ്പിച്ചിട്ടുള്ള ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് ഫീസ് നിർണയിക്കുകയും ഉടമകളുടെ സാലിക് അക്കൗണ്ടിൽ പണം ഈടാക്കുകയുമാണ് ചെയ്യുക. സഅബീൽ, ഫൗണ്ടേൻ വ്യൂസ് പാർക്കിങ് എന്നിവ പഴയതുപോലെ തന്നെ തുടരും.
2.ദുബൈയിൽ പുതിയ പാർക്കിങ് ഏരിയകൾ
നിലവിലെ പെയ്ഡ് പാർക്കിങ് സൗകര്യങ്ങൾ കൂടാതെ ദുബൈയിൽ ജദ്ദാഫ് വാട്ടർ ഫ്രണ്ട്, അൽ സുയൂഫ് ഗാർഡൻ, അർജാൻ എന്നിവിടങ്ങളിലേക്ക് കൂടി പെയ്ഡ് പാർക്കിങ് വിപുലീകരിച്ചു. രണ്ട് മുതൽ 20 ദിർഹം വരെയാണ് പാർക്കിങ് ഫീസ്. സാലിക്കിനാണ് പുതിയ പാർക്കിങ് സ്ഥലങ്ങളുടെയും നിയന്ത്രണം.
3.ഇൻഫ്ലുവൻസർക്ക് ലൈസൻസ് നിർബന്ധം
അബൂദബിയിൽ ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ച് പരസ്യങ്ങളും പ്രമോഷനും ചെയ്യുന്നവർ ശ്രദ്ധിക്കുക. ഇവർക്ക് ജൂലൈ ഒന്ന് മുതൽ ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. അബൂദബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് ആണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്.
4.സ്വദേശികവത്കരണം
2024ന്റെ ആദ്യ പകുതിയിലെ സ്വദേശിവത്കരണ ലക്ഷ്യം കണ്ടെത്താനായി സ്വകാര്യ കമ്പനികൾക്ക് നിശ്ചയിച്ചിരുന്ന അവസാന തീയതി ജൂൺ 30ന് അവസാനിച്ചു. അമ്പതോ അതിന് മുകളിലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഒരു സ്വദേശിയെ ജോലിക്ക് നിയമിക്കണമെന്നാണ് നിയമം. ജൂലൈ ഒന്ന് മുതൽ ലക്ഷ്യം കണ്ടെത്താത്ത സ്ഥാപനങ്ങൾ പിഴ നൽകേണ്ടിവരും.
5. ബസ് ഓൺ ഡിമാന്ഡ് രണ്ടിടത്ത് കൂടി
അൽ റിഗ്ഗ, പോർട്ട് സഈദ് എന്നീ സ്ഥലങ്ങളിൽ കൂടി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ബസ് ഓൺ ഡിമാൻഡ് സൗകര്യം ഏർപ്പെടുത്തി. അൽ നഹ്ദ, അൽ ബർഷ, ബിസിനസ് ബേ, ദുബൈ സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിൽ നേരത്തെ ബസ് ഓൺ ഡിമാൻഡ് സൗകര്യമുണ്ട്. ഇതിന് പുറമെയാണ് രണ്ടിടങ്ങളിൽ കൂടി സർവിസ് ഏർപ്പെടുത്തിയിട്ടുള്ളത്. അഞ്ച് മുതലാണ് ചാർജ്. അതേസമയം, പുതുതായി ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ജൂലൈ 15 വരെ സൗജന്യമായി 10 തവണ യാത്ര ചെയ്യാം.
6.ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ വർധിപ്പിച്ചു
ദേശീയ ആരോഗ്യ ഇൻഷുറൻസ് കമ്പനി (ദമാൻ) പുതുക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ. ലബോറട്ടറി, റേഡിയോളജി എന്നിവ ഉൾപ്പെടെ രോഗനിർണയ സേവനങ്ങൾക്ക് 20 ശതമാനം വരെ ഫീസ്, ഇൻപേഷ്യന്റ് വിഭാഗങ്ങളിൽ ഓരോ അഡ്മിഷനും 200 ദിർഹം വരെ ഫീസ്, വൺഡേ സർജറി സെന്ററുകൾക്ക് വർഷത്തിൽ പരമാവധി 500 ദിർഹം, മെഡിക്കേഷൻ കവറേജ് പരമാവധി 15,00 ദിർഹം എന്നിങ്ങനെയാണ് പുതിയ ഇൻഷുറൻസിലെ വ്യവസ്ഥ.