ഗിന്നസ് റെക്കോർഡ് ലക്ഷ്യം; ഏറ്റവും കൂടുതൽ രാജ്യക്കാർ പങ്കെടുക്കുന്ന യോഗ 13ന് ദുബായിൽ

Update: 2023-05-09 06:30 GMT

ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് ഏറ്റവും കൂടുതൽ രാജ്യക്കാർ പങ്കെടുക്കുന്ന യോഗ ഈ മാസം 13ന് വൈകിട്ട് 4ന് ദുബായ് സബീൽ പാർക്കിലെ ഫ്രെയിം ആംഫി തിയറ്ററിൽ നടക്കും. ദുബായ് സ്പോർട്സ് കൗൺസിൽ വിവിധ പങ്കാളികളുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ 2,000 ലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ലോകത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന യോഗയുടെ മുന്നോടിയായി ഒട്ടേറെ പരിപാടികൾ അരങ്ങേറുമെന്ന് സംഘാടകർ പറഞ്ഞു. മൂവായിരത്തിലേറെ പേർക്ക് യോഗ പരിശീലിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പാർക്കിൽ ഏർപ്പെടുത്തി. കുട്ടികളുൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പാർക്കിന്റെ വിവിധ കവാടങ്ങളിൽ 200ലേറെ സന്നദ്ധപ്രവർത്തകർ പരിപാടി നിയന്ത്രിക്കാനായി സ്ഥാനം പിടിക്കും. വിശാലമായ പാർക്കിങ് സൗകര്യം ലഭ്യമാണ്. വേദിയിലെത്താനും തിരിച്ചുപോകാനും ദുബായ് മെട്രോയും ഉപയോഗിക്കാം.

സബീൽ പാർക്കിൽ വൈകിട്ട് 4 ന് യോഗയ്ക്ക് മുന്നോടിയായുള്ള വിനോദ പരിപാടികൾ ആരംഭിക്കും. യോഗ ചെയ്യാനുള്ള പായകൾ ആരും കൊണ്ടുവരേണ്ടതില്ല. അവ സംഘാടകർ നൽകും. മാത്രമല്ല, അതു പങ്കെടുക്കുന്നവർക്ക് കൊണ്ടുപോവുകയും ചെയ്യാം. സൂര്യാസ്തമനത്തിന് ശേഷം എല്ലാവർക്കും പങ്കെടുക്കാവുന്ന 60 മിനിറ്റ് യോഗ സെഷനും ഉണ്ടായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ https://fitze.ae/yoga-world-record/ എന്ന ലിങ്കിൽ പ്രവേശിച്ച് ഓൺലൈനായോ ഓൺസൈറ്റ് കൗണ്ടറുകളിലോ റജിസ്റ്റർ ചെയ്യാം. ദുബായ് സ്പോർട്സ് കൗൺസിൽ അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായാണ് ഈ ഗിന്നസ് ലോക റെക്കോർഡ് ഉദ്യമം കണക്കാക്കപ്പെടുന്നതെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ കമ്മ്യൂണിക്കേഷൻ വിഭാഗം സീനിയർ മീഡിയ ഓഫീസർ അഹമ്മദ് മുഹമ്മദ് നബിൽ പറഞ്ഞു.

Tags:    

Similar News