എമിറേറ്റിലെ യാത്രികരുടെ സുരക്ഷ കണക്കിലെടുത്ത് ബസ് ജനാലകളിലെ ചില്ലുകളിൽ 30 ശതമാനം സുതാര്യമായ ഫിലിമുകള്‍ ഒട്ടിക്കാന്‍ അബൂദബി മൊബിലിറ്റിയുടെ അനുമതി നൽകി. സ്വകാര്യ-പൊതു ബസുകള്‍ക്ക് ഇളവ് ബാധകമാണ്.
അതേസമയം, ഡ്രൈവറുടെ കാഴ്ചയെ ബാധിക്കുമെന്നതിനാല്‍ മുന്‍വശത്തെ ചില്ലില്‍ യാതൊരുവിധ മാറ്റവും അനുവദിക്കില്ല. എമിറേറ്റിലുടനീളമുള്ള ബസ് യാത്രികരുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് വശങ്ങളിലായുള്ള ജനാലകളിലെ ചില്ലിന് 30 ശതമാനം വരെ ഇരുണ്ട സ്റ്റിക്കറുകള്‍ ഒട്ടിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കടുത്ത ചൂടിനെ തടയാനും വാഹനങ്ങള്‍ക്കുള്ളിലെ അന്തരീക്ഷ താപനില കുറക്കാനും നടപടി സഹായിക്കുമെന്ന് അബൂദബി മൊബിലിറ്റി വ്യക്തമാക്കി. അപകടകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് രക്ഷ നേടാനും ഇതിലൂടെയാവും.