യു.എ.ഇയിൽ പ്രവാസികൾക്ക് രണ്ടാം ശമ്പള പദ്ധതി: 1000 ദിർഹം നിക്ഷേപിച്ച് അംഗമാകാം

Update: 2023-03-28 04:36 GMT

യു എ ഇയിലെ നിക്ഷേപ പദ്ധതിയായ നാഷണൽ ബോണ്ട്‌സ് പ്രവാസികൾക്ക് രണ്ടാം ശമ്പളം എന്ന പേരിൽ സമ്പാദ്യ, വരുമാന പദ്ധതി അവതരിപ്പിച്ചു. കുറഞ്ഞത് മൂന്ന് വർഷം നിക്ഷേപം നടത്തുകയും, പിന്നീട് നിക്ഷേപ തുകയും അതിന്റെ ലാഭവും പ്രതിമാസം തിരിച്ച് നൽകുകയും ചെയ്യുന്ന പദ്ധതിയാണിത്.

പ്രവാസികൾക്കും യു എ ഇ സ്വദേശികൾക്കും റിട്ടയർമെന്റ് വരുമാനപദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായാണ് നാഷണൽ ബോണ്ട് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞത് ആയിരം ദിർഹം വീതം എല്ലാമാസവും മൂന്ന് വർഷം നിക്ഷേപിച്ച് പദ്ധതിയുടെ ഭാഗമാകാം. മൂന്ന് വർഷം നിക്ഷേപിക്കുന്ന തുക അടുത്ത മൂന്ന് വർഷം എല്ലാ മാസവും നിക്ഷേപത്തിന്റെ ലാഭ വിഹിതമടക്കം നിക്ഷേപകർക്ക് തിരിച്ച് ലഭിക്കുന്ന വിധമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ നിക്ഷേപത്തിന്റെ സമയം തെരഞ്ഞെടുക്കാം. പ്രതിമാസം വരുമാനം തിരികെ ലഭിച്ച് തുടങ്ങേണ്ട കാലവും നിശ്ചയിക്കാൻ അവസരം നൽകും.

ഉദാഹരണത്തിന് പത്ത് വർഷം അയ്യായിരം ദിർഹം വീതം നിക്ഷേപം നടത്തുന്നവർക്ക് നിക്ഷേപകാലം പിന്നിട്ടുള്ള പത്തുവർഷം എല്ലാമാസവും 7,500 ദിർഹം വീതം ലഭിക്കുന്ന വിധമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. 5000 ദിർഹം വീതം അഞ്ച് വർഷം നിക്ഷേപിച്ച് അടുത്ത മൂന്ന് വർഷം മാസം 10,020 ദിർഹം വീതം കൈപറ്റാനും ഈ പദ്ധതിയിൽ സാധിക്കുമെന്ന് നാഷണൽ ബോണ്ട്‌സ് അധികൃതർ പറഞ്ഞു.

Tags:    

Similar News