യുഎഇയിൽ ഡ്രൈവറില്ലാ ടാക്‌സികൾ ഈവർഷം അവസാനം മുതൽ ഓടിത്തുടങ്ങും

Update: 2023-04-08 11:19 GMT

ഡ്രൈവറില്ലാ ടാക്‌സികൾ ഈവർഷം അവസാനത്തോടെ ജുമൈറ മേഖലയിൽ ഓടിത്തുടങ്ങും. ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ പൊതുഗതാഗത ഏജൻസി ഡയറക്ടർ ഖാലിദ് അൽ അവാദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡ്രൈവറില്ലാ ടാക്‌സികൾ നിരത്തിലിറക്കുന്നതിന് അവസാനഘട്ട ഒരുക്കങ്ങൾ തുടങ്ങിയതായി കഴിഞ്ഞദിവസം അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈവർഷം തന്നെ ഓടിത്തുടങ്ങുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

ടാക്‌സി നിരക്ക് കൃത്യപ്പെടുത്തിയിട്ടില്ലെങ്കിലും ലിമോ ടാക്‌സികളിലേതിന് സമാനമാകാനാണ് സാധ്യതയെന്നും അദ്ദേഹം വെളിപ്പെടുത്തി. സാധാരണ ടാക്‌സികളെക്കാൾ 30 ശതമാനം കൂടുതലാണ് ലിമോ ടാക്‌സികൾക്ക് നിരക്ക് ഈടാക്കാറുള്ളത്. മൂന്നു യാത്രക്കാർക്കാണ് ഡ്രൈവറില്ലാ ടാക്‌സികളിൽ സഞ്ചരിക്കാൻ കഴിയുക. മൂന്നുപേരും പിൻസീറ്റിലാണ് ഇരിക്കേണ്ടത്.

മുൻ സീറ്റുകളിൽ യാത്രക്കാരെ അനുവദിക്കില്ല. പദ്ധതിയുടെ പ്രാരംഭഘട്ടം നടപ്പാക്കുന്നതിന് ജുമൈറ മേഖല തിരഞ്ഞെടുത്തത് നഗരത്തിലെ ശ്രദ്ധിക്കപ്പെടുന്ന പ്രദേശമെന്ന നിലയിലും വിനോദസഞ്ചാരികൾ ഏറെയെത്തുന്ന സ്ഥലമെന്നതിനാലുമാണെന്ന് അൽ അവാദി കൂട്ടിച്ചേർത്തു. ജുമൈറ മേഖലയിലെ ഇത്തിഹാദ് മ്യൂസിയത്തിനും ദുബൈ വാട്ടർ കനാലിനും ഇടയിലാണ് 10 ടാക്‌സികൾ ഓടിത്തുടങ്ങുക.

Tags:    

Similar News