രാജ്യത്ത് ചൂട് 50 ഡിഗ്രിക്ക് മുകളിലേക്ക് ഉയരുന്നതിനിടെ, ആശ്വാസമായി ചൊവ്വാഴ്ച പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. അൽഐൻ, അൽ റീഫ്, അൽ നയ്യാഫ്, ബാദ് ബിൻത് സഊദ്, അൽ മസൂദി, അൽ നബ്ബാഗ് എന്നീ മേഖലകളിലാണ് മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു.
അൽ ഫോഹിന്റെ വടക്കൻ ഭാഗത്തും ചാറ്റൽ മഴ രേഖപ്പെടുത്തി. സുരക്ഷ മുൻനിർത്തി കിഴക്കൻ മേഖലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടും എൻ.സി.എം പ്രഖ്യാപിച്ചിരുന്നു. അൽ ഹില്ലിയിലെ ഗാർഡൻ സിറ്റിയിൽ മഴയത്ത് വാഹനമോടിക്കുന്നവരുടെ വിഡിയോയും സ്റ്റോം സെന്റർ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മഴ പെയ്യുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു.
മോശം കാലാവസ്ഥയിൽ സുരക്ഷ നടപടികൾ പാലിക്കണമെന്ന് വാഹനങ്ങൾക്ക് അബൂദബി പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. റോഡ് ഡിസ്പ്ലേ ബോർഡുകളിൽ പൊലീസ് മാറ്റം വരുത്തുന്ന വേഗപരിധി അനുസരിച്ച് വാഹനമോടിക്കണമെന്ന നിർദേശവുമുണ്ടായിരുന്നു.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാന പ്രകാരം ചൊവ്വാഴ്ച രാജ്യത്ത് 24 ഡിഗ്രി സെൽഷ്യസിനും 48 ഡിഗ്രിക്കും ഇടയിലുള്ള ചൂടാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. ചില തീരദേശ മേഖലകളിൽ മൂടൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുള്ളതായും എൻ.സി.എം അറിയിച്ചു.