ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ 11ാം സ്ഥാനത്തേക്ക് ഉയർന്ന് യു.എ.ഇ. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയ 2024ലെ പാസ്‌പോർട്ട് സൂചികയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യു.എ.ഇ പാസ്‌പോർട്ട് രണ്ട് സ്ഥാനങ്ങൾ കൂടി ഉയർത്തിയാണ് 11ലെത്തിയത്. ഫ്രാൻസ്, ജർമനി, ഇറ്റലി, സ്‌പെയിൻ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുൻപന്തിയിൽ. 80ാം സ്ഥാനത്താണ് ഇന്ത്യ.
യു.എ.ഇ പാസ്‌പോർട്ട് ഉപയോഗിച്ച് വിസ രഹിതമായി സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. 183 രാജ്യങ്ങളിൽ യു.എ.ഇ പാസ്‌പോർട്ട് ഉപയോഗിച്ച് വിസ രഹിതമായി സഞ്ചരിക്കാം. അതോടൊപ്പം 2014 മുതൽ വിസ ഓൺ അറൈവൽ സാധ്യമാകുന്ന രാജ്യങ്ങളുടെ എണ്ണം 106 ആയും വർധിപ്പിച്ചിട്ടുണ്ട്. 2014ൽ പട്ടികയിൽ യു.എ.ഇ പാസ്‌പോർട്ടിൻറെ സ്ഥാനം 55 ആയിരുന്നു.
പത്തു വർഷത്തിനിടെയാണ് യു.എ.ഇ സുപ്രധാന നേട്ടം കൈവരിച്ചത്. ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ പാസ്പോർട്ട് ഉടമകൾക്ക് യഥാക്രമം 108, 102, 91, 90, 89 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുണ്ട്. ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻറെ ഔദ്യോഗിക രേഖകളെ അടിസ്ഥാനമാക്കിയാണ് ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ സൂചിക ഹെൻറ്‌ലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തുവിടുന്നത്.