യുഎഇയിൽ ജനിതക ഘടന പഠിച്ച് രോഗങ്ങൾ തടയാൻ പദ്ധതി; വിവിധ രോഗങ്ങളുടെ വ്യാപനം കുറക്കാനാകുമെന്ന് പ്രതീക്ഷ
യുഎഇയിൽ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന 'ദേശീയ ജീനോം സ്ട്രാറ്റജി'ക്ക് തുടക്കമായി. ഇതിൻറെ ഭാഗമായി പൗരന്മാരുടെ ജനിതക ഘടന പഠിക്കുകയും ഇതുപയോഗിച്ച് വ്യക്തിഗത ആരോഗ്യ സേവനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നൽകുകയും ചെയ്യാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പ്രമേഹം, രക്തസമ്മർദം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ വ്യാപനം കുറക്കാനുള്ള മാർഗങ്ങൾ വികസിപ്പിക്കാനും ഇത് സഹായിക്കും.
രാജ്യത്തിൻറെ ആരോഗ്യ സംരക്ഷണ മേഖലയിലെ കാര്യക്ഷമതയെ ഇത് വളരെ വലിയ രീതിയിൽ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.