യുദ്ധത്തിന്റെ കെടുതിയിൽ വലയുന്ന വടക്കൻ ഗസ്സയിലേക്ക് 82 ടൺ സഹായവസ്തുക്കൾ എത്തിച്ച് യു.എ.ഇ. ഈജിപ്തുമായി സഹകരിച്ചാണ് ആകാശമാർഗം കൂടുതൽ സഹായം എത്തിച്ചത്. ഇതിനായി യു.എ.ഇയുടെയും ഈജിപ്തിന്റെയും നാലു വിമാനങ്ങൾ ഉപയോഗിച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നുകളുമാണ് പ്രധാനമായും സഹായ വസ്തുക്കളിൽ ഉൾപ്പെടുത്തിയത്.
ഇതോടെ ആകെ ഗസ്സയിൽ വിതരണം ചെയ്ത സഹായ വസ്തുക്കൾ 1,483 ടൺ കടന്നതായും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഭക്ഷ്യോൽപന്നങ്ങൾ എയർഡ്രോപ് ചെയ്യുന്നതിനു പുറമെ ജീവകാരുണ്യ സഹായം കരമാർഗം എത്തിക്കുന്നുമുണ്ട്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായാണ് സഹായമെത്തിക്കുന്നത്. ‘നൻമയുടെ പക്ഷികൾ’ എന്ന പേരിലാണ് യു.എ.ഇയുടെ സഹായ വിതരണം.