ദുബൈയിൽ രണ്ട് 'സാലിക്' ഗേറ്റുകൾ കൂടി വരുന്നു

Update: 2024-01-20 02:42 GMT

ദുബൈ എമിറേറ്റിലെ നിരത്തിൽ ടോൾ പിരിക്കുന്നതിന് രണ്ട് ഗേറ്റുകൾ കൂടി സ്ഥാപിക്കുമെന്ന് 'സാലിക്' അറിയിച്ചു. നഗരത്തിലെ ട്രാഫിക് സംബന്ധിച്ച റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ പഠനത്തിൻറെ അടിസ്ഥാനത്തിലാണ് ടോൾ ഗേറ്റ് ഓപറേറ്റർ കമ്പനിയായ 'സാലിക്' തീരുമാനമെടുത്തത്. അൽഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും ശൈഖ് സായിദ് റോഡിലെ അൽ മെയ്ദാൻ സ്ട്രീറ്റിനും ഉമ്മുൽശീഫ് സ്ട്രീറ്റിനുമിടയിലെ അൽ സഫ സൗത്തിലുമാണ് ഗേറ്റുകൾ സ്ഥാപിക്കുക. നവംബറിലാണ് പുതിയ ഗേറ്റുകൾ പ്രവർത്തനസജ്ജമാവുക.

നഗരത്തിലെ പ്രധാനപാതകളിലെ ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് കുറക്കുന്നതിനും രണ്ട് ടോൾ ഗേറ്റുകൾ സ്ഥാപിക്കാൻ ആർ.ടി.എ 'സാലിക്കി'നെ ചുമതലപ്പെടുത്തിയിരുന്നു. ഇതുപ്രകാരമാണ് നടപടി. പുതിയ ഗേറ്റുകൾ വരുന്നതോടെ പ്രധാന റൂട്ടുകളിൽ സഞ്ചരിക്കുന്ന ചില വാഹനങ്ങൾ ചിലത് ബദൽ റൂട്ട് ഉപയോഗിക്കുകയും, ഇതുവഴി റോഡിൽ തിരക്ക് കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പുതിയ ഗേറ്റുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ എമിറേറ്റിലെ ആകെ ടോൾ ഗേറ്റുകളുടെ എണ്ണം പത്താകും. അൽ ബർഷ, അൽ ഗർഹൂദ്, ആൽ മക്തൂം ബ്രിഡ്ജ്, അൽ മംസാർ സൗത്ത്, അൽ മംസാർ നോർത്ത്, അൽ സഫ, എയർപോർട്ട് ടണൽ, ജബൽ അലി എന്നിവിടങ്ങളിലാണ് നിലവിൽ ടോൾ ഗേറ്റുകളുള്ളത്.

ഓരോ തവണയും വാഹനം സാലിക് ടോൾ ഗേറ്റിലൂടെ പോകുമ്പോൾ വാഹനഉടമയുടെ പ്രീപെയ്ഡ് ടോൾ അക്കൗണ്ടിൽനിന്ന് നാലു ദിർഹമാണ് ടോൾ ഫീസ് ഈടാക്കുക. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ വഴി വാഹനത്തിലെ സാലിക് സ്റ്റിക്കർ ടാഗ് സ്‌കാൻ ചെയ്താണ് നിരക്കീടാക്കുന്നത്. അൽ മംസാർ നോർത്ത്, സൗത്ത് എന്നിവക്ക് സമാനമായി, വരാനിരിക്കുന്ന അൽ സഫ സൗത്ത് നിലവിലുള്ള അൽ സഫ ഗേറ്റുമായി (അൽ സഫ നോർത്ത്) ബന്ധിപ്പിക്കുമെന്നും, വാഹനം ഒരു മണിക്കൂറിനുള്ളിൽ ഒരേ ദിശയിൽ രണ്ട് ഗേറ്റുകൾ കടന്നാൽ ഒരു തവണ മാത്രമെ നിരക്ക് ഈടാക്കൂവെന്നും 'സാലിക്' വ്യക്തമാക്കി. ബിസിനസ് ബേ ക്രോസിങ് ഗേറ്റ് വരുന്നതോടെ അൽ ഖൈൽ റോഡിലെ ഗതാഗതക്കുരുക്ക് 12 മുതൽ 15 ശതമാനം വരെയും അൽ റബാത്ത് സ്ട്രീറ്റിലേത് 10-16 ശതമാനം വരെയും കുറക്കാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

ഇതുവഴി പോകേണ്ട വാഹനങ്ങളിൽ ചിലത് ആൽ മക്തൂം, അൽ ഗർഹൂദ് പാലങ്ങൾ, റാസ് അൽ ഖോർ സ്ട്രീറ്റ് വഴി സഞ്ചരിക്കുമെന്നും ആർ.ടി.എ കണക്കാക്കുന്നു. അതുപോലെ, അൽ സഫ സൗത്ത് ടോൾ ഗേറ്റ് ശൈഖ് സായിദ് റോഡിൽനിന്ന് മെയ്ദാൻ സ്ട്രീറ്റിലേക്കുള്ള വലത്തോട്ടുള്ള ഗതാഗതം 15 ശതമാനം കുറക്കുമെന്നും പ്രതീക്ഷിക്കുന്നു. 2022 ജൂണിൽ 'സാലിക്' പബ്ലിക് ജോയന്റ് സ്റ്റോക്ക് കമ്പനിയായി മാറിയിരുന്നു. ഒരുവർഷം കൊണ്ട് സാലിക്കിന്റെ എട്ട് ടോൾ ഗേറ്റുകളിലൂടെ ഏകദേശം 53.9കോടി വാഹനങ്ങൾ കടന്നുപോവുകയും ചെയ്തിരുന്നു.

Tags:    

Similar News