നഗരത്തിന്റെ ഗതാഗതം കൂടുതൽ സുഗമമാകാൻ സഹായിക്കുന്ന റോഡ് നവീകരണ പദ്ധതിക്ക് കരാർ നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി. ശൈഖ് റാശിദ് ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായി ഊദ് മേത്ത, അൽ അസായിൽ സ്ട്രീറ്റുകളാണ് വികസിപ്പിക്കുന്നത്. ഇതിനായി 60 കോടി ദിർഹമിന്റെ കരാറാണ് ആർ.ടി.എ നൽകിയത്. അൽ അസായിൽ സ്ട്രീറ്റിനെ അൽ നൗറസ് സ്ട്രീറ്റ് വഴി അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.ഇതിന്റെ ഭാഗമായി ഊദ് മേത്തയിലും അൽ നവ്റാസ് സ്ട്രീറ്റിലും എക്സിറ്റുകളുണ്ടാകും. 14 കിലോമീറ്റർ ദൈർഘ്യമാണ് പദ്ധതിക്കുള്ളത്. ഇതിൽ നാല് ജങ്ഷനുകൾ, 43,00 മീറ്റർ പാലങ്ങൾ എന്നിവ ഉൾപ്പെടും.
സബീൽ, അൽ ജദ്ദാഫ്, ഊദ് മേത്ത, ഉമ്മു ഹുറൈർ, ലത്തീഫ ഹോസ്പിറ്റൽ, അൽ വാസൽ ക്ലബ് എന്നിവയുൾപ്പെടെയുള്ള റസിഡൻഷ്യൽ ഏരിയകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2030 ഓടെ ഏതാണ്ട് 4.2 ലക്ഷം പേർ വികസനത്തിന്റെ ഗുണഭോക്താക്കളാകുമെന്നാണ് പ്രതീക്ഷ.
പദ്ധതി പൂർത്തിയാകുന്നതോടെ ഊദ് മേത്ത സ്ട്രീറ്റിൽ ഉൾക്കൊള്ളാവുന്ന വാഹനങ്ങളുടെ എണ്ണം 50 ശതമാനം വർധിച്ച് മണിക്കൂറിൽ 10,400ൽനിന്ന് 15,600 ആയി ഉയരും. ഇതോടെ യാത്ര സമയം 20 മിനിറ്റിൽനിന്ന് അഞ്ചു മിനിറ്റായി കുറയുമെന്ന് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.
ഊദ് മേത്ത സ്ട്രീറ്റിന്റെയും ശൈഖ് റാശിദ് സ്ട്രീറ്റിന്റെയും ഇടയിലുള്ള ജങ്ഷനാണ് ആദ്യം വികസിപ്പിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 18,00 വാഹനങ്ങളെ ഉൾക്കൊള്ളാനാകും. ശൈഖ് റാശിദ് സ്ട്രീറ്റിൽനിന്ന് ദുബൈ-അൽഐൻ റോഡിലേക്ക് വരുന്നവർക്കായി വലത്തോട്ട് തിരിയുന്ന ലൈൻ രണ്ടിൽനിന്ന് മൂന്നായി വികസിപ്പിക്കും. ഇതുവഴി റോഡിന്റെ ശേഷി മണിക്കൂറിൽ 4000 വാഹനങ്ങളായി വർധിക്കും.
ഊദ് മേത്ത, അൽ അസായൽ, അൽ നവ്റാസ് സ്ട്രീറ്റുകളിലാണ് രണ്ടാമത്തെ ജങ്ഷൻ നവീകരണം. ഇവിടെ രണ്ട് പാലങ്ങൾ നിർമിക്കും. അൽ നവ്റാസ് സ്ട്രീറ്റിനും അൽ ഖൈൽ റോഡിന്റെയും ഇടയിലാണ് മൂന്നാമത്തെ ജങ്ഷൻ നവീകരണം. ഇവിടെ രണ്ട് വരിയുള്ള പാലമാണ് നിർമിക്കുക. കൂടാതെ സർവിസ് റോഡുകളും നവീകരിക്കും. നാലാമത്തെ ജങ്ഷൻ നവീകരണം സബീൽ പാലസ് സ്ട്രീറ്റ്, അൽഖൈൽ, ഊദ് മേത്ത സ്ട്രീറ്റ് എന്നിവിടങ്ങളിലാണ്.