പുതുവൽസരാഘോഷം: ദുബായിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം

Update: 2023-12-28 07:55 GMT

പുതുവൽസരാഘോഷത്തിന്റെ ഭാഗമായി പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ആഘോഷത്തിന്റെ ഭാഗമായി കൂടുതൽ സേനയെ രംഗത്തിറക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചു. എമിറേറ്റിലെ ഏറ്റവും സുപ്രധാനമായ ഷെയ്ഖ് സായിദ് റോഡിൽ ഉൾപ്പെടെ നിയന്ത്രണം വരും.

രാത്രി 9നു ശേഷം ഷെയ്ഖ് സായിദ് റോഡിൽ ഗതാഗതം പൂർണമായും നിർത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് ബുളിവാർഡ് റോഡ് 4ന് അടയ്ക്കും. ഫിനാൻഷ്യൽ റോഡിന്റെ ഏറ്റവും മുകളിലത്തെ നില രാത്രി 8നും താഴത്തെ നില വൈകുന്നേരം 4നും അടയ്ക്കും. അൽ അസായൽ റോഡും 4ന് അടയ്ക്കും. ഹത്ത, ബുർജ് ഖലീഫ, ബുർജ് അൽ അറബ്, ഫെസ്റ്റിവൽ സിറ്റി ഉൾപ്പെടെ 32 പ്രധാന കേന്ദ്രങ്ങളാണ് പുതുവൽസരാഘോഷത്തിനായി ക്രമീകരിച്ചിരിക്കുന്നത്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഭക്ഷണം, വെള്ളം, ശുചിമുറി, നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ നൽകൽ തുടങ്ങി ആവശ്യങ്ങൾക്കായി ഇവിടെ താൽക്കാലിക ടെന്റുകൾ പൊലീസ് ക്രമീകരിക്കും.

പരിപാടികളുടെ സംഘാടക സമിതി 3 മാസം മുൻപേ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എല്ലാ ആഘോഷ കേന്ദ്രങ്ങളിലുമായി 1300 സുരക്ഷാ വാഹനങ്ങളാണ് നൽകിയിരിക്കുന്നത്. 10000 പൊലീസ് ഉദ്യോഗസ്ഥരെയും സന്നദ്ധ സേവകരെയും നിയോഗിച്ചിട്ടുണ്ട്. ഇവർക്കു സഹായമായി ആർടിഎ, സിവിൽ ഡിഫൻസ്, ആംബുലൻസ് സേവനങ്ങളും ഒരുക്കി.

Tags:    

Similar News