മഴ ശമിച്ചു ; യുഎഇയിൽ കനത്ത മൂടൽ മഞ്ഞ്, പലയിടത്തും ജാഗ്രതാ നിർദേശം

Update: 2024-03-12 09:38 GMT

യുഎഇയില്‍ ദിവസങ്ങള്‍ നീണ്ട മഴയ്ക്ക് ശമനമായതോടെ രാജ്യത്ത് വീണ്ടും കാലാവസ്ഥ മാറ്റം. കനത്ത മൂടല്‍മഞ്ഞാണ് രാജ്യത്ത് തിങ്കളാഴ്ച അനുഭവപ്പെട്ടത്. ദുബൈ, അബുദാബി, റാസല്‍ഖൈമ, ഷാര്‍ജ ഉള്‍പ്പെടെയുള്ള വിവിധ എമിറേറ്റുകളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വീ​ണ്ടും മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല.

കഴ‍ിഞ്ഞ ദിവസം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. കനത്ത മൂടല്‍മഞ്ഞ് ഉള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വേഗപരിധി പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. മൂടല്‍മഞ്ഞ് മണിക്കൂറുകളോളം നീണ്ടതോടെ വാഹന ഗതാഗതം പല സ്ഥലങ്ങളിലും ബുദ്ധിമുട്ടിലായി. അബുദാബിയിലെ പ്രധാന റോഡുകളിലെല്ലാം വേഗപരിധി 80 കി.മീറ്ററാക്കി കുറച്ചു. രാവിലെ 10 മണി വരെയാണ് മൂടല്‍മഞ്ഞ് മൂലം ദൂരക്കാഴ്ച കുറയുമെന്ന് അറിയിച്ചിരുന്നത്.

അതേസമയം യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത് അതിശക്തമായ മഴയാണ്. നാലു ദിവസം കൊണ്ട് ആറ് മാസത്തെ മഴയാണ് യുഎഇയില്‍ ലഭിച്ചത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച അബുദാബി ഖതം അൽ ഷഖ്‍ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്, 78 മില്ലിമീറ്റർ. ഫുജൈറയിലെ അൽ ഫാർഫറിൽ 77.4 മി.മീ, ദുബായിൽ 60 മി.മീ, അൽഐനിൽ 25.4 മി.മീ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. യുഎഇയിലെ ഒരു വര്‍ഷം ശരാശരി 100 മി.മി താഴെയാണ് സാധാരണയായി ലഭിക്കുന്ന മഴ.

ദിവസങ്ങള്‍ക്ക് ശേഷം മഴ ശമിച്ചതോടെ വൃത്തിയാക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതത്തിനു തടസ്സമില്ല. അധികൃതരുടെ മുന്നറിയിപ്പുകള്‍ അപകടങ്ങള്‍ കുറയുന്നതിന് കാരണമായി. ജാഗ്രതാ നിർദേശം അവസാനിച്ചതോടെ ശനിയാഴ്ച റദ്ദാക്കിയ വിമാന, ബസ്, ജല ഗതാഗത സേവനങ്ങളെല്ലാം പുനഃസ്ഥാപിച്ചു.

Tags:    

Similar News