ഇഷ്ടപ്പെട്ട നമ്പർ വാഹനത്തിന് നേടാൻ ഉടമ മുടക്കിയത് 10.2 കോടി രൂപ. ദുബൈയിൽ 2023ലെ അവസാന ഫാൻസി നമ്പർ പ്ലേറ്റുകളുടെ ലേലത്തിലാണ് ഈ തുകക്ക് ആഗ്രഹിച്ച നമ്പർ ഒരാൾ സ്വന്തമാക്കിയത്. ഏറ്റവും വലിയ തുക ലഭിച്ചത് എ.എ 30 എന്ന നമ്പറിനാണ്. 45.40 ലക്ഷം ദിർഹമിനാണിത് (10.2 കോടി) ലേലത്തിൽ പോയത്.
ഫാൻസി നമ്പർ പ്ലേറ്റുകളുടെ ലേലത്തിൽ റോഡ് ഗതാഗത അതോറിറ്റി ആകെ നേടിയത് 5.1 കോടി ദിർഹമാണ് (113 കോടി രൂപ). ശനിയാഴ്ച ദുബൈയിലെ സ്വകാര്യ ഹോട്ടലിലാണ് 114മത് ഓപൺ ലേലം നടന്നത്.
ഒ-48 (24.80 ലക്ഷം ദിർഹം), എ.എ 555(25.60 ലക്ഷം ദിർഹം) എന്നിവയാണ് പിന്നിലായുള്ളത്. ടി 64 എന്ന നമ്പർ 24 ലക്ഷവും ക്യു66666 16ലക്ഷവും സ്വന്തമാക്കിയതും ശ്രദ്ധിക്കപ്പെട്ടു. എ.എ, ഐ, ജെ, എം, എൻ, ഒ, ക്യു, ആർ, എസ്, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, ഇസെഡ് കാറ്റഗറികളിലായി രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 90 ഫാൻസി നമ്പറുകളാണ് ആർ.ടി.എ വർഷാവസാന ലേലത്തിൽ ഉൾപ്പെടുത്തിയത്.
ഓൺലൈനിലും നേരിട്ടുമുള്ള ലേല നടപടികളിലെല്ലാം ആർ.ടി.എ നിഷ്പക്ഷതയും സുതാര്യതയും തുല്യ അവകാശവും ഉറപ്പുവരുത്തിയാണ് മുന്നോട്ടുപോകുന്നത്. നമ്പർ പ്ലേറ്റുകൾ കൈവശപ്പെടുത്താൻ താൽപര്യമുള്ള ആർക്കും ഇതിലൂടെ ലേലത്തിൽ പങ്കെടുക്കാൻ അവസരമൊരുങ്ങുന്നു. മിക്കവരും തങ്ങളുടെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളെ അടയാളപ്പെടുത്തുന്ന നമ്പറുകൾ സ്വന്തമാക്കാനാണ് ലേലത്തിൽ പങ്കെടുക്കുന്നത്.