വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യം ; വൈദ്യുതി നിരക്കിൽ ചില വ്യവസായങ്ങൾക്ക് ഇളവ്
വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യംവെച്ച് ചില കമ്പനികൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി (ഇവെക്). വടക്കൻ എമിറേറ്റുകളിലെ ചില വ്യാവസായിക കമ്പനികൾക്കാണ് വൈദ്യുതി നിരക്കിൽ ഇളവ് ലഭിക്കുക. ഇത്തരം കമ്പനികളുടെ വിലനിർണയത്തിന് പ്രത്യേക രീതിയും നിശ്ചിത ഉപഭോഗ പരിധിയിലെത്തുന്ന സ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്ക് കുറക്കുന്നതിന് പരിഷ്കരിച്ച ഇൻസെന്റീവ് ഘടനയും രൂപപ്പെടുത്തും.
പ്രതിമാസം 10,000 മെഗാവാട്ട് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് പുതിയ താരിഫ് പ്രകാരം ഒരു കി.വാട്ട് മണിക്കൂറിന് 32 ഫിൽസ് മുതൽ 26 ഫിൽസ് വരെയാണ് ഈടാക്കുക. അബൂദബിയിൽ നടക്കുന്ന ‘മേക് ഇൻ ദ എമിറേറ്റ്സ്’ പരിപാടിയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. പുതിയ സംവിധാനത്തിൽ ഇൻസ്റ്റലേഷൻ ഫീസിനത്തിൽ ഇളവ്, ഇൻഷുറൻസ് ഫീസടക്കുന്നതിലെ ഇളവ്, മീറ്റർ ഉപയോഗിക്കുന്നതിൽ കൂടുതൽ ഫീസില്ല എന്നിങ്ങനെ ആനുകൂല്യങ്ങളുണ്ട്. വ്യവസായ കമ്പനികൾക്ക് പുറമെ, സാങ്കേതിക രംഗത്തെ കമ്പനികൾക്കും പുതിയ രീതി ബാധകമായിരിക്കും.
വ്യവസായിക മേഖലയിലെ കമ്പനികളുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനും കഴിവുകൾ വർധിപ്പിക്കുന്നതിനുമായി വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രാലയം വിവിധ സംവിധാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അണ്ടർ സെക്രട്ടറി ഉമർ അൽ സുവൈദി പറഞ്ഞു. വ്യവസായ മേഖല ശക്തിപ്പെടുത്താൻ 23,00 കോടി ദിർഹം അനുവദിക്കുമെന്ന് യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽജാബിർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ വ്യവസായ മേഖലയിലെ ആകെ ഫണ്ടിങ് 14,300 കോടി ദിർഹമായി വർധിച്ചിരിക്കുകയാണ്. 2,000ത്തിലേറെ ഉൽപന്നങ്ങളുടെ ഉൽപാദനത്തെ സഹായിക്കാനാണ് ഫണ്ട് ഉപയോഗപ്പെടുത്തുന്നത്. ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് 100 കോടി ദിർഹം മൂല്യമുള്ള വായ്പ പദ്ധതിയും ഫോറത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്ക് അടക്കമുള്ള വാണിജ്യ ബാങ്കുകളുമായി സഹകരിച്ചാണ് നടപ്പാക്കുക.
യു.എ.ഇ വ്യവസായ മേഖലയിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ പരിചയപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ‘മേക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ ഫോറം സംഘടിപ്പിച്ചത്. 2020ൽ ‘മേക് ഇറ്റ് ഇൻ എമിറേറ്റ്സ്’ പദ്ധതി രൂപപ്പെടുത്തിയതിനുശേഷം 2023 ഡിസംബർ വരെയുള്ള കാലയളവിൽ വ്യവസായിക കയറ്റുമതി 60 ശതമാനം ഉയർന്ന് 18,700 കോടി ദിർഹമായതായും മാർച്ചിൽ വെളിപ്പെടുത്തിയിരുന്നു.