യുഎഇയിൽ താപനില ഉയരുന്നു ; വാഹനങ്ങളിൽ പരിശോധന വേണം , പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
രാജ്യത്ത് ചൂട് കനക്കുകയാണ്. പലയിടത്തും 50 ഡിഗ്രിക്ക് മുകളിലാണ് ചൂട്. ഈ സാഹചര്യത്തിൽ ദീർഘ നേരം കാറുകൾ പാർക്ക് ചെയ്ത് പോകുന്നത് അപകടത്തിനിടയാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം ഡ്രൈവർമാർക്ക് നൽകുന്ന മുന്നറിയിപ്പ്. ചുട്ടുപൊള്ളുന്ന വേനൽ കാറിനും ഡ്രൈവർക്കും ഒരുപോലെ അപകടം വരുത്താൻ സാധ്യതയേറെയാണ്. ‘അപകടരഹിതമായ വേനൽ’ കാമ്പയിനിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.
കാറിന് തീപിടിക്കുന്നത് സംബന്ധിച്ചും ചൂടുമായി ബന്ധപ്പെട്ടുള്ള മറ്റ് വാഹനാപകടങ്ങളെക്കുറിച്ചും പൊലീസ് ബോധവത്കരണവുമായി രംഗത്തുണ്ട്.
മുന്നറിയിപ്പുകളുമായി ആഭ്യന്തര മന്ത്രാലയം ;
3 കാര്യങ്ങൾ ശ്രദ്ധിക്കാം
1.കുട്ടികളെ ഒരുകാരണവശാലും കാറിലിരുത്തി പുറത്തുപോകരുത്
2.വാഹനങ്ങൾ ഓഫ് ചെയ്യാതെ ദീർഘ നേരത്തേക്ക് പാർക്ക് ചെയ്യാതിരിക്കുക
3.കാറിനകത്ത് തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുത്
തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ -;
പെർഫ്യൂമുകൾ
ഡിയോഡറന്റുകൾ
ക്ലീനിങ് സ്പ്രേകൾ
ലൈറ്ററുകൾ
ഇന്ധനം നിറക്കുമ്പോൾ വാഹനം ഓഫ് ചെയ്യുക ;
പെട്രോൾ പറമ്പുകളിൽ നിന്ന് ഇന്ധനം നിറക്കുമ്പോൾ വാഹനം ഓഫ് ചെയ്യാൻ മറക്കരുത്. ഇന്ധനം നിറക്കുമ്പോൾ ഉണ്ടാകുന്ന ഗ്യാസ് ഇഗ്നിഷൻ പോയന്റിൽ നിന്നും മറ്റുമുള്ള വൈദ്യുതി തരംഗങ്ങളുമായി ചേർന്നാൽ തീപിടിക്കാൻ സാധ്യതയേറെയാണ്. കൂടാതെ പമ്പുകളിൽ വെച്ച് പുകവലിയും പാടില്ല. യു.എ.ഇ നിയമപ്രകാരം ഇത് ശിക്ഷാർഹവുമാണ്.
എൻജിൻ ഓയിൽ, കൂളന്റ് പരിശോധിക്കണം ;
എൻജിൻ ഡാഷ്ബോർഡിൽ വാഹനത്തിന്റെ ഓയിൽ, കൂളന്റ് എന്നിവ പര്യാപ്തമായ അളവിലാണോ എന്ന് പരിശോധിക്കാൻ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ബോണറ്റ് തുറന്ന് സ്വയം പരിശോധിക്കുന്നത് ഉചിതമായിരിക്കും.
എൻജിന്റെ പ്രവർത്തനം സുഗമമാക്കുന്നതിൽ എൻജിൻ ഓയിലുകളുടെ പങ്ക് നിർണായകമാണ്. ഓയിൽ കുറഞ്ഞാൽ എൻജിൻ പണിമുടക്കുകയും വാഹനം വഴിയിൽ കുടുങ്ങുകയും ചെയ്യും. മാത്രമല്ല, ഭീമമായ വർക്ഷോപ് ബില്ല് ഒഴിവാക്കുന്നതിനും സഹായിക്കും. അതോടൊപ്പം പ്രധാനപ്പെട്ടതാണ് കൂളന്റ്. വാഹനത്തിന്റെ എൻജിൻ അമിതമായി ചൂടാകുന്നതിൽ നിന്ന് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ് കൂളന്റ്.
അഗ്നിശമന ഉപകരണത്തിന്റെ പ്രവർത്തനം ഉറപ്പുവരുത്തുക ;
വാഹനത്തിനകത്ത് അഗ്നിശമന ഉപകരണം നിർബന്ധമായും സൂക്ഷിക്കണമെന്നാണ് യു.എ.ഇയിലെ നിയമം. അടിയന്തര ഘട്ടങ്ങളിൽ അഗ്നിശമന ഉപകരണം കൃത്യമായി ഉപയോഗിക്കാനും അറിഞ്ഞിരിക്കണം.
ടയറുകളിൽ മതിയായ കാറ്റ് ഉറപ്പാക്കണം ;
വാഹനത്തിന്റെ ടയറുകളിൽ മതിയായ കാറ്റ് നിറച്ചില്ലെങ്കിൽ സമ്മർദം കൂടുകയും ഓടിക്കൊണ്ടിരിക്കെ പൊട്ടിത്തെറിക്കുകയും ചെയ്യും. യു.എ.ഇയിലെ എല്ലാ പെട്രോൾ പമ്പുകളിലും കാറ്റ് നിറക്കാനുള്ള സൗകര്യമുണ്ടെന്ന് ഓർക്കുക.
അതോടൊപ്പം അംഗീകൃത ഏജൻസികളിൽ നിന്ന് മാത്രം ടയറുകൾ വാങ്ങാൻ ശ്രദ്ധിക്കണം. നാല് ടയറുകളും ഒരുമിച്ച് മാറ്റാൻ ശ്രമിക്കണം. ഓരോ വാഹനത്തിന്റെയും ശേഷി അനുസരിച്ച് ടയറുകളുടെ അലൈൻമെന്റ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.