ഉപഭോക്താക്കളുടെ അവകാശവും സ്വകാര്യതയും സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ടെലിമാർക്കറ്റിങ് ചട്ടം കർശനമാക്കി യു.എ.ഇ ഭരണകൂടം. ടെലി മാർക്കറ്റിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതരിൽനിന്ന് അനുമതി വാങ്ങണം. വ്യക്തികൾക്ക് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത ഫോണിൽനിന്ന് ഇത്തരം ഇടപാടുകൾക്ക് അനുമതിയുണ്ടാകില്ല.
എല്ലാ മാർക്കറ്റിങ് കാളുകളും ലൈസൻസുള്ള ടെലിമാർക്കറ്റിങ് കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫോണുകളിൽ നിന്നായിരിക്കണം. മാർക്കറ്റിങ് കാളുകൾ രാവിലെ ഒമ്പതിനും വൈകീട്ട് ആറിനും ഇടയിൽ മാത്രമേ പാടുള്ളൂ. ഡു നോട്ട് കാൾ രജിസ്ട്രിയിൽ (ഡി.എൻ.സി.ആർ) രജിസ്റ്റർ ചെയ്ത നമ്പറുകളിലേക്ക് വിളിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
ആദ്യ കാളിൽ ഒരു ഉപഭോക്താവ് സേവനമോ ഉൽപന്നമോ നിരസിച്ചാൽ ഫോളോ അപ് കാളുകൾ ചെയ്യാൻ പാടില്ല. ഉപഭോക്താവ് ഉത്തരം നൽകുന്നില്ലെങ്കിൽ അല്ലെങ്കിൽ കാൾ അവസാനിപ്പിക്കുകയാണെങ്കിൽ പ്രതിദിനം പരമാവധി ഒരു കാൾ നടത്താം.
ചട്ടം ലംഘിച്ചുള്ള കാളുകൾ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് ബന്ധപ്പെട്ട അധികൃതരെ അറിയിക്കാം. നിയമലംഘനത്തിന് കനത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ മാറ്റം ഉപഭോക്താക്കളെ അനാവശ്യ ടെലിമാർക്കറ്റിങ് രീതികളിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം രാജ്യത്തെ വിപണന പ്രവർത്തനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കും എന്നാണ് വിലയിരുത്തൽ. ചട്ടം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. മുന്നറിയിപ്പ് നൽകുന്നത് മുതൽ ഒന്നര ലക്ഷം ദിർഹം വരെ പിഴ ചുമത്തുന്നത് ഉൾപ്പെടെ നടപടികളാണ് സ്വീകരിക്കുക. ആഗസ്റ്റ് പകുതി മുതൽക്കാണ് ഘട്ടംഘട്ടമായി കർശനമാക്കുക.
കമ്പനികൾ ഒരു വർഷം വരെ ടെലികമ്യൂണിക്കേഷൻ സർവിസ് തടയുന്നത് ഉൾപ്പെടെ നടപടികൾ നേരിടേണ്ടിവരും. ചട്ടലംഘനത്തിന്റെ ഗൗരവമനുസരിച്ച് ഭാഗികമായോ പൂർണമായോ പ്രവർത്തനം വിലക്കുക, ലൈസൻസ് റദ്ദാക്കുക, കൊമേഴ്സ്യൽ രജിസ്ട്രേഷൻ റദ്ദാക്കുക തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കും.