വേനലവധിക്ക് ശേഷം നാട്ടിൽനിന്ന് ഒറ്റക്ക് തിരികെ യാത്ര ചെയ്യുന്ന 900 കുട്ടികളെ സ്വാഗതം ചെയ്യാനൊരുങ്ങി എമിറേറ്റ്സ് എയർലൈൻ. 11 വയസ്സോ അതിൽ താഴെയോ ഉള്ള കുട്ടികൾ തനിച്ച് യാത്ര ചെയ്യുമ്പോൾ ഒരു ജീവനക്കാരന്റെ മേൽനോട്ടം ഉണ്ടാവണമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരം എമിറേറ്റ്സ് എയർലൈനിന്റെ പരിശീലനം നേടിയ ജീവനക്കാരാണ് കുട്ടികളെ അനുഗമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഈ സംവിധാനം ഉപയോഗപ്പെടുത്തിയത് 1,20,000 കുട്ടികളാണ്. ഇന്ത്യ, ബ്രിട്ടൻ, യു.എസ്, ഫിലിപ്പീൻസ്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇതിൽ കൂടുതലെന്നും എമിറേറ്റ്സ് എയർലൈൻ പ്രസ്താവനയിൽ വ്യക്തമാക്കി. 12 -15 വയസ്സുള്ള കുട്ടികൾക്ക് രക്ഷിതാക്കൾ അനുഗമിക്കാതെ യാത്ര ചെയ്യാൻ അനുമതിയുണ്ട്.
കുട്ടികളെ എയർപോർട്ടിൽ ഇറക്കിവിടുന്നവർ എയർലൈൻസിന് തിരിച്ചറിയൽ രേഖ നൽകണമെന്നും രക്ഷാധികാരി അനുമതി ഫോമിൽ ഒപ്പിടണമെന്നും എമിറേറ്റ്സ് പ്രസ്താവനയിൽ അറിയിച്ചു. ശേഷം കുട്ടികളെ ഒരു ജീവനക്കാരന്റെ മേൽനോട്ടത്തിൽ വേഗത്തിൽ ചെക്കിൻ പൂർത്തിയാക്കാൻ അനുവദിക്കും. ഇവർക്ക് പ്രത്യേക സീറ്റുകളും അനുവദിക്കാറുണ്ട്. 12 -15 വയസ്സുള്ള കുട്ടികൾക്ക് അൺ അക്കമ്പനീഡ് മൈനേഴ്സ് സർവിസ് ലഭ്യമാണെങ്കിലും 185 ദിർഹം അധികം നൽകണം. ഈ സേവനം ഉപയോഗിച്ച് യാത്ര ചെയ്യുന്ന കുട്ടികളെ വിമാനത്തിന്റെ വാതിൽ വരെ ജീവനക്കാർ അനുഗമിക്കും. തുടർന്ന് ലാൻഡ് ചെയ്യുമ്പോൾ രക്ഷിതാക്കളെ ഏൽപിക്കുന്നതു വരെയും ജീവനക്കാർ ഒപ്പമുണ്ടാകും. രക്ഷിതാക്കളില്ലാതെ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഏറെ ആശ്വാസകരമാണിത്.