വേനലവധി അവസാനിക്കാനിരിക്കെ ദുബൈ വിമാനത്താവളം വീണ്ടും തിരക്കിലേക്ക്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈയിൽ അടുത്ത 13 ദിവസങ്ങളിൽ 34.3 ലക്ഷം യാത്രക്കാരെത്തുമെന്ന് അധികൃതർ ബുധനാഴ്ച വെളിപ്പെടുത്തി.
ദിവസവും ശരാശരി 2.64 ലക്ഷം യാത്രക്കാരാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ മാത്രം അഞ്ചുലക്ഷത്തിലേറെ യാത്രക്കാർ കടന്നുപോകും. സെപ്റ്റംബറിലെ ആദ്യദിനമായിരിക്കും ഈ കാലയളവിലെ ഏറ്റവും തിരക്കേറിയ ദിവസമെന്നാണ് കരുതുന്നത്. 2.91 ലക്ഷം യാത്രക്കാരെയാണ് ഈ ദിവസം പ്രതീക്ഷിക്കുന്നത്.
യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പുവരുത്തുന്നതിന് ദുബൈ വിമാനത്താവളം വിമാനക്കമ്പനികളുമായും മറ്റു സേവനപങ്കാളികളുമായും സഹകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വേനലവധിയുടെ തുടക്കസമയത്തും വലിയ തിരക്ക് ദുബൈ വിമാനത്താവളത്തിൽ ദൃശ്യമായിരുന്നു. ജൂലൈ ആറു മുതൽ 17 വരെ 33 ലക്ഷം യാത്രക്കാർ ഇതുവഴി കടന്നുപോയതായാണ് കണക്ക്. ഇതിൽ ഒമ്പത് ലക്ഷത്തിന് മുകളിൽ യാത്രക്കാർ ദുബൈയിൽ നിന്ന് യാത്ര പുറപ്പെട്ടവരാണ്.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് യു.എ.ഇയിൽ സ്കൂളുകൾക്ക് വേനലവധി. സെപ്റ്റംബറോടെ സ്കൂളുകൾ വീണ്ടും സജീവമായിത്തുടങ്ങും. അതിനാൽ, പ്രവാസികൾ ഉൾപ്പെടെയുള്ളവർ സ്വന്തം നാട്ടിലേക്ക് പോകാൻ തെരഞ്ഞെടുക്കുന്ന സമയമാണിത്. ദുബൈ വിമാനത്താവളത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതും ഇക്കാലയളവിലാണ്. ജൂലൈ 12 മുതൽ 14 വരെ തീയതികളിലായി 8.4 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിച്ചത്.
ഇക്കാലയളവിൽ 2.86 ലക്ഷം പേർ എത്തുമെന്ന് പ്രതീക്ഷിച്ച ജൂലൈ 13നാണ് ഏറ്റവും തിരക്കേറിയ ദിവസമായി രേഖപ്പെടുത്തിയത്. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാർ നേരത്തേ വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ അറിയിക്കാറുണ്ട്. തിരക്കൊഴിവാക്കാൻ ടെർമിനൽ ഒന്നിലും മൂന്നിലും മെട്രോ ഉപയോഗിക്കാനും നിർദേശം പുറപ്പെടുവിക്കാറുണ്ട്.
ഈ വർഷം ജനുവരി മുതലുള്ള കണക്കനുസരിച്ച് 4.49 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി കടന്നുപോയത്. ഓരോ വർഷവും എട്ടു ശതമാനം വളർച്ചയാണ് വിമാനത്താവളം കൈവരിക്കുന്നത്.