തൊഴിലാളികളുടെ കായിക ഉന്നമനം; ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജിഡിആര്‍എഫ്എയും കൈകോര്‍ത്തു

Update: 2024-08-08 08:09 GMT

തൊഴിലാളികള്‍ക്കിടയില്‍ കായിക സംസ്‌കാരം വളര്‍ത്തുന്നതിനും അവരെ കായിക പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുന്നതിനുമായി ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജിഡിആര്‍എഫ്എയും കരാര്‍ ഒപ്പുവെച്ചു. ഈ കരാര്‍ പ്രകാരം തൊഴിലാളികള്‍ക്കായി കൂടുതല്‍ കായിക മേളകള്‍ സംഘടിപ്പിക്കുകയും പരിശീലന സൗകര്യങ്ങള്‍ ലഭ്യമാക്കുകയും അവരുടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് മുഹമ്മദ് ഹരിബും ജിഡിആര്‍എഫ്എ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയുമാണ് ഈ കരാറില്‍ ഒപ്പുവെച്ചത്.

ദുബൈയിലെ തൊഴിലാളികളെ കൂടുതല്‍ സജീവവും ആരോഗ്യകരവുമായ ഒരു സമൂഹമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാര്‍. സംയുക്ത കായിക പരിപാടികളും പരിശീലനങ്ങളും വികസിപ്പിക്കുന്നതിനും തൊഴിലാളികള്‍ക്കുള്ള കായിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഈ കരാര്‍ സഹായിക്കും. കൂടാതെ സന്നദ്ധസേവന സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും കായിക ഇവന്റുകളില്‍ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇത് സഹായിക്കും. ഈ കരാര്‍ ദുബൈയിലെ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും അവരെ കൂടുതല്‍ സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്നതിനും സഹായിക്കുമെന്ന് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു

Tags:    

Similar News