ഈ വര്‍ഷത്തെ ശൈഖ് സായിദ് ഫെസ്റ്റിവല്‍ നവംബര്‍ ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെ അബൂദബിയിലെ അല്‍ വത്ബയില് അരങ്ങേറും. ഇതാദ്യമായി ആഴ്ച അടിസ്ഥാനത്തിലാണ് ഫെസ്റ്റിവലില്‍ പരിപാടികള്‍ നടത്തുന്നത്.
ആറായിരത്തിലേറെ ആഗോള സാംസ്കാരിക പരിപാടികളും 1000 പൊതു പ്രകടനങ്ങളും ഇത്തവണത്തെ ഫെസ്റ്റിവലില്‍ ഉണ്ടാവും. 27 രാജ്യങ്ങള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. യു.എ.ഇയുടെ ഐക്യം പ്രദർശിപ്പിക്കുന്ന യൂണിയന് മാര്‍ച്ചാണ് ഫെസ്റ്റിവലിന്റെ പ്രധാന പരിപാടികളിലൊന്ന്.
ഇതിനു പുറമേ ആഴ്ചതോറുമുള്ള കരിമരുന്ന് പ്രകടനങ്ങളും മ്യൂസിക്കല്‍ ഫൗണ്ടെയ്നും സംഗീതനിശകളും മറ്റ് ഷോകളും വേദിയിലുണ്ടാവും. ആദ്യമായാണ് മ്യൂസിക്കല്‍ ഫൗണ്ടെയ്ന് ശൈഖ് സായിദ് ഫെസ്റ്റിവലില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഫെസ്റ്റിവൽ എഡിഷനിൽ പുതുവര്‍ഷപ്പിറവിയുടെ ആഘോഷഭാഗമായി നടത്തിയ പരിപാടികള്‍ തകര്‍ത്തത് നാല് ലോകറെക്കോഡുകളാണ്. കരിമരുന്ന് പ്രകടനം, 60 മിനിറ്റ് നീണ്ട ഡ്രോണ്‍ ഷോ എന്നിവയാണ് ലോക റെക്കോഡുകളിട്ടത്.
കരിമരുന്ന് പ്രകടനം മാത്രം മൂന്ന് റെക്കോഡുകള്‍ സൃഷ്ടിച്ചപ്പോള്‍ 5000 ഡ്രോണുകള്‍ തീര്‍ത്ത ആകാശവിസ്മയം ഒരു ലോക റെക്കോഡ് തിരുത്തിയെഴുതി.
ഏറ്റവും വലിയ ആകാശ ലോഗോ എന്ന റെക്കോഡാണ് ഡ്രോണ്‍ ഷോയിലൂടെ സംഘാടകര്‍ സ്ഥാപിച്ചത്. കൂറ്റന്‍ പക്ഷിയുടെ രൂപമാണ് ഡ്രോണുകള്‍ ആകാശത്ത് വരച്ചത്. വലിപ്പം, സമയം, ആകൃതി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് കരിമരുന്ന് പ്രകടനം ലോക റെക്കോഡിട്ടത്.
എമിറേറ്റ്സ് ഫൗണ്ടെയ്ന്, ഗ്ലോവിങ് ടവേഴ്സ് ഗാര്ഡന്, ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ വിവിധ പവലിയനുകള്‍ എന്നിവിടങ്ങളില്‍ അടക്കം വിപുലമായ പുതുവര്‍ഷാഘോഷ പരിപാടികളാണ് അബൂദബിയില്‍ സംഘടിപ്പിച്ചിരുന്നത്.സാംസ്കാരിക, വിനോദ, സാമൂഹിക, കായിക പരിപാടികള്‍ മേളയുടെ ഭാഗമാണ്.
ദേശീയ പൈതൃകം സംരക്ഷിക്കുക, ഇമാറാത്തി നാഗരികതയുടെ ആഴം ഉറപ്പിക്കുക, ഭാവിതലമുറകളിലേക്ക് രാജ്യത്തിന്റെ ചരിത്രവും പൈതൃകവും പകരുക തുടങ്ങിയ പ്രധാന സന്ദേശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഫെസ്റ്റിവല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഹെറിറ്റേജ് വില്ലേജ്, ഇമാറാത്തി സിവിലൈസേഷന്‍സ് പവലയിനുകള്, ഫണ്‍ ഫെയര്‍ സിറ്റി, ചില്‍ഡ്രന്‍സ് സിറ്റി, ആര്‍ട്ട് ഡിസ്ട്രിക്ട്, ഗോ കാര്‍ട്ടിങ് മത്സരങ്ങള്‍, ക്രേസി കാര്‍, ഗ്ലോ ആന്‍ഡ് ഫ്ലവര്‍ ഗാര്ഡന്, സെല്‍ഫി സ്ട്രീറ്റ്, ഡെസര്‍ട്ട് മ്യൂസിയം തുടങ്ങിയ ഇടങ്ങളിലെ പ്രദര്‍ശനങ്ങളും ഷോകളുമൊക്കെ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.