സായിദ് വിമാനത്താവളം സന്ദർശിച്ച് ശൈഖ് മുഹമ്മദ് ബിൻ റാശിദ്
അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ആഗോള യാത്രാ കേന്ദ്രമായി വളർച്ച കൈവരിക്കുന്ന യു.എ.ഇയുടെ നേട്ടത്തെ അഭിനന്ദിച്ച അദ്ദേഹത്തിന് വിമാനത്താവളത്തിന്റെ ഭാവി പദ്ധതികൾ അധികൃതർ വിശദീകരിച്ചുനൽകി. കഴിഞ്ഞ വർഷം നവംബറിൽ വിശാലമായ ടെർമിനൽ-എ നിർമാണം പൂർത്തിയാക്കിയ ശേഷം ഈ വർഷം ഫെബ്രുവരിയിലാണ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളം ‘സായിദ് അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് നാമകരണം ചെയ്തത്. 300 കോടി ഡോളർ ചെലവിട്ടാണ് വിമാനത്താവളത്തിൽ പുതിയ ടെർമിനൽ നിർമിച്ചത്.
7.42 ലക്ഷം സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള വിശാലമായ വിമാനത്താവളത്തിന് വർഷത്തിൽ 4.5 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ടെർമിനൽ-എയുടെ സുസ്ഥിരതയോടുള്ള പ്രതിബദ്ധതയെയും യാത്ര എളുപ്പമാക്കാൻ സ്വീകരിച്ച നടപടികളെയും ശൈഖ് മുഹമ്മദ് ബിൻ റാശിദ് അഭിനന്ദിച്ചു. യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഫസ്റ്റ് ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂം, എമിറേറ്റ്സ് എയർലൈൻ ചീഫ് എക്സിക്യൂട്ടിവും ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം എന്നിവരടക്കം പ്രമുഖർ ശൈഖ് മുഹമ്മദിനെ സന്ദർശനത്തിൽ അനുഗമിച്ചു.