യു.എ.ഇ. ആശുപത്രികളിൽ ചികിത്സയിലുള്ള പലസ്തീനിലെ കുട്ടികളെയും അർബുദ രോഗികളെയും അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇ.ആർ.സി.) ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു.
കുട്ടികളുടെ ആരോഗ്യനില പരിശോധിക്കുകയും ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എല്ലാവരും എത്രയുംപെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നും ദൈവം സുരക്ഷിതത്വവും ആരോഗ്യവും നൽകട്ടെയെന്നും ആശംസിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ ഗാസയോടൊപ്പം നിൽക്കാനുള്ള യു.എ.ഇ. യുടെ താത്പര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. യുദ്ധത്തിൽ പരിക്കേറ്റ 1000 കുട്ടികൾക്കും 1000 അർബുദരോഗികൾക്കും യു.എ.ഇ.യിൽ ചികിത്സ നൽകാനുള്ള യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻന്റെ ഉത്തരവിനെത്തുടർന്നാണ് പലസ്തീൻ സംഘം രാജ്യത്തെത്തിയത്.