ഷാർജയിലെ കടകളിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പണം ഈടാക്കിത്തുടങ്ങി. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഓരോ പ്ലാസ്റ്റിക് ബാഗിനും 25 ഫിൽസ് വീതമായിരിക്കും ഈടാക്കുക. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകൾ എമിറേറ്റിൽ നിരോധിക്കുന്നതിന് മുന്നോടിയായാണ് അവയ്ക്ക് പണം ഈടാക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ അധികൃതർ അറിയിപ്പ് നൽകിയിരുന്നു.
2024 ജനുവരി ഒന്ന് മുതൽ ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകളുടെയും സമാനമായ മറ്റ് സാധനങ്ങളുടെയും ഉത്പാദനം, വ്യാപാരം, ഇറക്കുമതി എന്നിവയും വിതരണവും പൂർണമായി നിരോധിക്കും. ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി പലതവണ ഉപയോഗിക്കാവുന്ന തരത്തിലുള്ള പ്രകൃതി സൗഹൃദ ബദൽ സംവിധാനങ്ങൾ വ്യാപാര സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കണമെന്നും ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
പ്ലാസ്റ്റിക് മലിനീകരണം കൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് ഒറ്റവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.