താലിപ്പരുന്തുകൾക്ക് കൃത്രിമ കൂടൊരുക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഷാർജ. എമിറേറ്റിലെ പരിസ്ഥിതി, സംരക്ഷിത മേഖല അതോറിറ്റി (ഇ.പി.എ.എ) ആണ് വ്യത്യസ്തമായ പദ്ധതി പ്രഖ്യാപിച്ചത്. വന്യ ജീവികളുടെ ആവാസവ്യവസ്ഥയും ജൈവ വൈവിധ്യവും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ കൃത്രിമക്കൂടിൻറെ നിർമാണം സർ ബു നായ്ർ ഐലൻഡ് റിസർവിൽ പൂർത്തിയായി. എമിറേറ്റിലെ പ്രകൃതി സംരക്ഷിതയിടങ്ങൾ ഉൾപ്പെടെ തീരമേഖലകളിൽ കൂടി പദ്ധതി വ്യാപിപ്പിക്കാനാണ് അതോറിറ്റിയുടെ തീരുമാനം. ഡിസംബർ മുതൽ മാർച്ച് വരെയുള്ള ഇണചേരൽ സീസണിൽ താലിപ്പരുന്തുകൾക്ക് ഏറ്റവും അനുയോജ്യവും സുരക്ഷിതവുമായ കൂടൊരുക്കാൻ പറ്റിയ സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
താലിപ്പരുന്തുകളുടെ എണ്ണം, പറക്കൽ രീതികൾ, നീക്കങ്ങൾ, സ്വഭാവം, ഭക്ഷണക്രമം തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമായി കൃത്രിമക്കൂടിനെ നിരീക്ഷണ കാമറകളുമായി ബന്ധിപ്പിക്കും. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന 'താലിപ്പരുന്ത് നിരീക്ഷണ സംരംഭ'ത്തിൻറെ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.എ.ഇയിലെ ആദ്യ കൃത്രിമക്കൂടായിരിക്കുമിത്. പരിസ്ഥിതി സംരക്ഷണത്തിനാവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിന് വലിയ രീതിയിൽ പിന്തുണ നൽകാനായി വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് രൂപം നൽകിയ ആഗോള സംരംഭമാണ് 'താലിപ്പരുന്ത് നിരീക്ഷണ സംരംഭം'. 1.4 കിലോ വരെയാണ് താലിപ്പരുന്തിൻറെ തൂക്കം.
ഒരിക്കൽ കൂടൊരുക്കാനായി ഒരു പ്രത്യേക ഇടം ഇവറ്റകൾ തിരഞ്ഞെടുത്തുകഴിഞ്ഞാൽ പിന്നീട് വരുന്ന ഇണചേരൽ സീസണുകളിലും ഈ കൂടുകൾ പുനരുപയോഗിക്കാറുണ്ട്. രാജ്യത്ത് താലിപ്പരുന്തുകളെ നിയമം മൂലം സംരക്ഷിച്ചിട്ടുണ്ടെന്ന് ഇ.പി.എ.എ ചെയർപേഴ്‌സൻ ഹന സൈഫ് അൽ സുവൈദി പറഞ്ഞു. 2016ൽ പ്രഖ്യാപിച്ച നിയമപ്രകാരം വംശനാശ ഭീഷണി നേരിടുന്ന പക്ഷികളെ വേട്ടയാടുന്നതും വിൽപന നടത്തുന്നതും കുറ്റകരമാണ്. തീരമേഖലയിൽ താലിപ്പരുന്തുകളുടെ പ്രജനനം നിരീക്ഷിക്കുന്നതിന് തുടർച്ചയായി സർവേകൾ നടത്താറുണ്ടെന്നും ഹന സൈഫ് അൽ സുവൈദി പറഞ്ഞു.