ഷാർജയിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ ദുബൈ വിമാനത്താവളത്തിൽ നിന്നും കണ്ടെത്തി

Update: 2024-02-19 05:35 GMT

ഷാർജയിൽ നിന്ന് കാണാതായ മലയാളിയായ ഓട്ടിസം ബാധിച്ച 18 വയസ്സുകാരനെ കണ്ടെത്തി. ശനിയാഴ്ച രാത്രി കാണാതായ യുവാവിനെയാണ് ഞായറാഴ്ച രാത്രി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തിയത്. ജെബി തോമസിന്റെ മകൻ ഫെലിക്സ് ജെബി തോമസിനെയാണ് കാണാതായത്. വിമാനത്താവളത്തിലെ ഒരു യാത്രക്കാരൻ അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനെ കണ്ടെത്തിയതായി പിതാവ് ജെബി തോമസ് കുടുംബവുമായി അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ''അവൻ സുരക്ഷിതനാണ്, പക്ഷേ ക്ഷീണിതനാണ്,'' ഫെലിക്സിനെ പ്രവേശിപ്പിച്ചിരിക്കുന്ന ഷാർജയിലെ കുവൈത്ത് ഹോസ്പിറ്റലിൽ നിന്ന് പിതാവ് പറഞ്ഞു.

ഷാർജയിലെ സിറ്റി സെന്ററിൽ നിന്ന് അമ്മയ്ക്കും അനുജത്തിക്കുമൊപ്പം ഷോപ്പിംഗിന് പോയ ഫെലിക്സിനെ കാണാതാവുകയായിരുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഷാർജ പൊലിസ് മിസ്സിംഗ് റിപ്പോർട്ട് ഫയൽ ചെയ്യുകയും ആശയവിനിമയ വെല്ലുവിളികൾ ഉള്ള കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ കുടുംബം സോഷ്യൽ മീഡിയയിൽ കാണാതായ റിപ്പോർട്ടുകൾ പോസ്റ്റ് ചെയ്യുകയും പ്രദേശത്തെ കെട്ടിടങ്ങളെ സമീപിച്ച് അവരുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും യുവാവിനെ കണ്ടെത്താൻ സഹായിക്കുകയും ചെയ്തു. 24 മണിക്കൂറിലേറെ നടത്തിയ തിരിച്ചിലിനടുവിലാണ് യുവാവിനെ വിമാനത്താവളത്തിൽ വെച്ച് കണ്ടെത്തിയത്. ദുബൈ ഇന്റർനാഷണൽ എയർപോർട്ട് വഴി കുവൈത്തിലേക്ക് യാത്ര ചെയ്ത ഒരു മലയാളിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്. സോഷ്യൽ മീഡിയ പോസ്റ്ററുകൾ കണ്ടതിന് പിന്നാലെയാണ് ഇയാൾ കുടുംബത്തെ വിവരമറിയിച്ചത്. ഫെലിക്സിനെ തിരഞ്ഞിരുന്ന അനന്തരവൻ ദിജിത്തും സുഹൃത്തും ചേർന്ന് വിമാനത്താവളത്തിലേക്ക് കുതിച്ചെത്തിയപ്പോൾ അവിടെ യുവാവിനെ കണ്ടെത്തി.

ഇതിനിടെ ഷാർജയിലായിരുന്ന മാതാപിതാക്കൾ ആശുപത്രിയിലെത്തി. ''അവൻ വളരെ ക്ഷീണിതനാണ്. ഏറെ നേരം നടന്നിട്ടും ഉറങ്ങിയിരുന്നില്ല, കാലുകൾ നീരുവന്നിരുന്നു. അതിനാൽ, ആദ്യം അദ്ദേഹത്തെ ചികിത്സിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, ''ജെബി തോമസ് പറഞ്ഞു. ഫെലിക്സ് വിമാനങ്ങളെ സ്‌നേഹിക്കുന്ന ആളാണെന്നും അവധിക്കാലം ആഘോഷിക്കാൻ എപ്പോഴും ആവേശഭരിതനാണെന്നും അല്ലാതെ ഫെലിക്സ് എന്തിനാണ് വിമാനത്താവളത്തിലേക്ക് നടന്നുപോയതെന്ന് തനിക്ക് ഒരു സൂചനയും ഇല്ലെന്നും പിതാവ് പറഞ്ഞു. വീട്ടിലേക്കുള്ള വഴിയെക്കുറിച്ച് ഫെലിക്സ് ആശയക്കുഴപ്പത്തിലായതിനെ തുടർന്ന്, വീട്ടിലെത്താൻ ഒരു ഫ്‌ലൈറ്റ് പിടിക്കേണ്ടിവരുമെന്ന് കരുതിയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News