ഷാർജ എമിറേറ്റിലെ പൈതൃകസംരക്ഷണ പദ്ധതികളുടെ ഭാഗമായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് സംഘടിപ്പിക്കുന്ന ഷർജ ഹെറിറ്റേജ് ഡേയ്‌സിന്‍റെ 21ആം സെഷന് തുടക്കമായി. ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പങ്കെടുത്ത ചടങ്ങിലാണ് പൈതൃകദിനങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്.
13 അറബ്, വിദേശ രാജ്യങ്ങളുടെയും 25 സർക്കാർ ഏജൻസികളുടെയും പങ്കാളിത്തത്തോടെ ഷാർജയുടെ ഹൃദയഭാഗത്തുള്ള ഹെറിറ്റേജ് സ്‌ക്വയർ ഏരിയയിലാണ് പരിപാടി ഒരുക്കിയത്. ‘കണക്ട്’ എന്ന തീമിൽ നടക്കുന്ന പരിപാടികൾ അടുത്ത മാസം മൂന്നുവരെ നീണ്ടുനിൽക്കും.
സന്ദർശകർക്ക് പൈതൃക, കലാ, വിനോദ പരിപാടികളും ബോധവൽക്കരണ ശിൽപശാലകളും ഗെയിമുകളും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ വർഷം അതിഥിരാജ്യം ദക്ഷിണകൊറിയയാണ്. കൊറിയയിലെ നാഷണൽ ഫോക്ലോർ ട്രൂപ്പ് അവതരിപ്പിച്ച വൈവിധ്യമാർന്ന ഷോ ഉദ്ഘാടന ചടങ്ങിൽ അരങ്ങേറി.
മൊറോക്കോ, ഈജിപ്ത്, ഫലസ്തീൻ, യമൻ, ഇറാഖ്, സിറിയ, കുവൈത്ത്, അമേരിക്ക, മോണ്ടിനെഗ്രോ, തുർക്കിയ, സ്ലൊവാക്യ എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളിത്തവും ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡേയ്‌സിന്‍റെ സവിശേഷതയാണ്. എമിറേറ്റിലെ ആറ് വ്യത്യസ്ത നഗരങ്ങളായ ഷാർജ, അൽ ഹംരിയ, ദിബ്ബ അൽ ഹിസ്ൻ, ഖോർഫക്കാൻ, കൽബ, അൽ ദൈദ് എന്നിവയെ ഉൾകൊള്ളുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങിൽ ശൈഖുമാർ, മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ വകുപ്പുകളുടെ മേധാവികൾ, ഡയറക്ടർമാർ, അംബാസഡർമാർ, രാജ്യത്തെ നയതന്ത്ര ദൗത്യങ്ങളുടെ പ്രതിനിധികൾ, പങ്കാളിത്ത രാജ്യങ്ങളുടെ പ്രതിനിധികൾ തുടങ്ങി പ്രമുഖർ പങ്കെടുത്തു.