ഗസ്സയിൽ യുദ്ധക്കെടുതിയിൽ ദുരിതത്തിലായ ഫലസ്തീനികൾക്ക് സഹായ വസ്തുക്കളുമായി പുറപ്പെട്ട യു.എ.ഇയുടെ രണ്ടാം കപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തെത്തി. 4,544 ടൺ സഹായവസ്തുക്കളുമായി ഫെബ്രുവരി മൂന്നിന് ഫുജൈറ തുറമുഖത്തു നിന്നാണ് പുറപ്പെട്ടത്. 4,303 ടൺ ഭക്ഷ്യ വസ്തുക്കൾ, 154 താമസ സൗകര്യമൊരുക്കുന്നതിനുള്ള ഉപകരണങ്ങൾ, 87 ടൺ മെഡിക്കൽ സഹായം എന്നിവയാണ് കപ്പലിൽ എത്തിച്ചിട്ടുള്ളത്. ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് റെഡ് ക്രസൻറ് എന്നിവയാണ് സഹായ വസ്തുക്കൾ നൽകിയത്.
കപ്പൽ എത്തിയ ഉടൻ അൽ ആരിഷിൽ എത്തിച്ചേർന്ന യു.എ.ഇ യുവജനകാര്യ സഹമന്ത്രി ഡോ. സുൽത്താൻ അൽനിയാദി മൂന്ന് വെയർഹൗസുകളിലായി സൂക്ഷിച്ച സഹായവസ്തുക്കൾ പരിശോധിക്കുകയും വിതരണ പുരോഗതി വിലയിരുത്തുകയും ചെയ്തു. സംഘർഷത്തിന്റെ തുടക്കം മുതൽ ഇതിനകം 160 വിമാനങ്ങളിലായി മാനുഷിക സഹായ വസ്തുക്കളും മരുന്നും അടക്കമുള്ളവ ഗസ്സയിലെ ജനങ്ങൾക്കായി എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്-3 പദ്ധതിയുടെ ഭാഗമായാണ് സഹായങ്ങൾ എത്തിച്ചത്. നയതന്ത്രപരമായും മാനുഷികമായും ഫലസ്തീൻ സഹോദരങ്ങൾക്ക് സാധ്യമാകുന്ന സഹായം ചെയ്യാനുള്ള ഒരു അവസരവും രാജ്യം പാഴാക്കിയിട്ടില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
ഫീൽഡ് ആശുപത്രിയായി മാറ്റിയ യു.എ.ഇയുടെ കപ്പൽ അടുത്ത ദിവസങ്ങളിൽ അൽ ആരിഷിൽ എത്തിച്ചേരുമെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് ആക്ടിങ് ജന. സെക്രട്ടറി റാശിദ് അൽ മൻസൂരി പറഞ്ഞു. കിടത്തിച്ചികിത്സ നൽകാൻ 100 കിടക്കകളാണ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ളത്. 100 മെഡിക്കല്‍, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാർ ഇവിടെ പ്രവർത്തിക്കും. കൂടാതെ ഓപറേഷന് റൂമുകള്‍, തീവ്രപരിചരണ സൗകര്യങ്ങള്‍, ലബോറട്ടറി, ഫാര്‍മസി, മെഡിക്കല്‍ വെയര്‍ഹൗസുകള്‍ എന്നിവയും സജ്ജമാണ്. ഹെല്‍ത്ത് കെയര്‍ ടീമില്‍ അനസ്തേഷ്യ, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ്, നഴ്സിങ്, എമര്‍ജന്‍സി കെയര്‍ എന്നിവയുള്‍പ്പെടെ സ്പെഷാലിറ്റികളും ഒരുക്കിയിട്ടുണ്ട്. അബൂദബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, അബൂദബി പോർട്ട് ഗ്രൂപ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഫ്ലോട്ടിങ് ഹോസ്പിറ്റൽ നിർമിച്ചിരിക്കുന്നത്.