പ്രവാസികൾക്ക് ആശ്വാസമായി ഫുജൈറയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് സലാം എയറിന്റെ സർവീസ്. ഒക്ടോബർ രണ്ടു മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് മസ്കത്ത് വഴി കരിപ്പൂരിലേക്കും തിരിച്ചുമുള്ള സർവീസ്. ഉയർന്ന വിമാന ടിക്കറ്റ് മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് ഇത് ഒരു ആശ്വാസമായി.
രാത്രി 7.50ന് ഫുജൈറയിൽ നിന്നു പുറപ്പെടുന്ന വിമാനം മസ്കത്തിൽ തങ്ങുന്നതടക്കം ആറു മണിക്കൂർ കൊണ്ട് പുലർച്ചെ 3.20നു കരിപ്പൂരിലെത്തും. 8051 രൂപയാണ് ടിക്കറ്റ് നിരക്ക്. പകൽ 10.20നു പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാർക്ക് മസ്കത്തിൽ 15.30 മണിക്കൂർ സമയം ലഭിക്കും.
ഒരു പകൽ മുഴുവൻ മസ്കത്തിൽ ചെലവഴിക്കാൻ താൽപര്യമുള്ളവർക്ക് ഈ സർവീസ് തിരഞ്ഞെടുക്കാം. രാവിലെ 4.20 ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 7 മണിക്കൂർ പിന്നിട്ട് 9.50ന് ഫുജൈറയിലെത്തും. ടിക്കറ്റ് നിരക്ക് 12510 രൂപ. രണ്ടു മാസം മുമ്പ് തിരുവനന്തപുരത്തേക്കും ഫുജൈറയിൽ നിന്ന് സർവീസ് ആരംഭിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുമെന്നു വിമാനത്താവള അധികൃതർ അറിയിച്ചു.
ഫുജൈറ, അജ്മാൻ, റാസൽഖൈമ, ഷാർജ, ഉമ്മുൽഖുവൈൻ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഫുജൈറ വിമാനത്താവളത്തെ ആശ്രയിക്കാം. യാത്രക്കാരുടെ സൗകര്യാർഥം സമീപ എമിറേറ്റുകളിലേക്കു ബസ് സർവീസും ഉടൻ ആരംഭിക്കും. നേരിട്ടു സർവീസ് ആരംഭിക്കുന്നതിന് ഇന്ത്യൻ വിമാന കമ്പനികളുമായും എയർപോർട്ട് അധികൃതർ ചർച്ച പൂർത്തിയാക്കി. ഒക്ടോബർ 2 മുതൽ മസ്കത്ത് വഴി ഹൈദരാബാദിലേക്കും പുതിയ സർവീസ് ആരംഭിക്കും.
∙ 10,000 രൂപയ്ക്കും ടിക്കറ്റ്
ടിക്കറ്റ് നിരക്കിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഫുജൈറയിലേക്കുള്ള വിമാന സർവീസ്. തിരുവനന്തപുരത്തേക്ക് 600 ദിർഹത്തിൽ (13000 രൂപ) താഴെയാണ് നിരക്ക്. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് 450 ദിർഹത്തിനു (10,000 രൂപ) ടിക്കറ്റ് ലഭിക്കും. ഒരു വശത്തേക്ക് 20000 രൂപയ്ക്കു മേൽ ടിക്കറ്റ് നിരക്ക് നൽകേണ്ട സാഹചര്യത്തിൽ ഫുജൈറ വഴിയുള്ള യാത്രയാണ് ഇപ്പോൾ പ്രവാസികൾ കൂടുതലായും ആശ്രയിക്കുന്നത്.