ബൈക്ക് ഡ്രൈവര്‍മാര്‍ക്ക് റോഡ് സുരക്ഷാനിയമങ്ങളെക്കുറിച്ച് പഠനക്ലാസൊരുക്കി റാക് പൊലീസ്. സമൂഹത്തിന്റെ ജീവിതനിലവാരത്തില്‍ സുരക്ഷ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് അവയര്‍നസ് ആൻഡ് മീഡിയ ബ്രാഞ്ച് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് സഈദ് അല്‍നഖ്ബി അഭിപ്രായപ്പെട്ടു.
നിർദിഷ്ട പാതകള്‍, നിശ്ചിത വേഗം, ഹെല്‍മറ്റുകളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഗതാഗതക്കുരുക്ക് സമയം തെറ്റായ വഴികള്‍ തിരഞ്ഞെടുക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും.കവലകള്‍, റൗണ്ട്എബൗട്ടുകള്‍, ട്രാഫിക് സിഗ്നലുകള്‍ തുടങ്ങിയിടങ്ങളിലേക്ക് പൊടുന്നനെ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും പഠനശിൽപശാല നിദേശിച്ചു.
പൊതു-സ്വകാര്യ മേഖലകളിലെ ഏജന്‍സികളും സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇരുചക്രവാഹന ഡ്രൈവര്‍മാര്‍ക്കിടയില്‍ ഗതാഗതസുരക്ഷാ പ്രചാരണം നടത്തുന്നത്. 600 ബൈക്ക് ഡ്രൈവര്‍മാര്‍ ശിൽപശാലയുടെ ഗുണഭോക്താക്കളായി. പ്രചാരണത്തിന്റെ ഭാഗമായി അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളില്‍ ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.