യു.എ.ഇ.യുടെ ബഹിരാകാശ സഞ്ചാരി ഡോ. സുൽത്താൻ അൽ നെയാദിക്ക് മൂന്നാഴ്ച വിശ്രമം നൽകും. ദീർഘകാല ബഹിരാകാശയാത്ര കഴിഞ്ഞ് ഭൂമിയിലെത്തുന്ന അൽ നെയാദി ഭൂമിയിലെ ജീവിതക്രമം ശീലിക്കാൻ മൂന്നാഴ്ച നിരീക്ഷണത്തിൽ തുടരും. യു.എ.ഇ.യുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അൽ മൻസൂരിയാണ് ഇക്കാര്യം അറിയിച്ചത്.
ഭൂമിയിലെ ജീവിതക്രമം ശീലിക്കാൻ മൂന്നാഴ്ചയോളമാണ് ബഹിരാകാശസഞ്ചാരികൾക്ക് വേണ്ടിവരുന്ന സമയം. നാസയിലെ ഡോക്ടർമാരും വിദഗ്ധരുമായിരിക്കും അൽ നെയാദിയുടെ ആരോഗ്യനിലയ്ക്ക് അനുയോജ്യമായ ജീവിതക്രമം ക്രമീകരിക്കുക. ഗുരുത്വാകർഷണരീതിയിലേക്ക് ശരീരത്തെ പുനഃക്രമീകരിക്കാൻ സമയമെടുക്കും. അത് ക്രമാനുഗതമായി സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. ചിലപ്പോൾ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാം. ബഹിരാകാശത്തുനിന്ന് മടങ്ങിയെത്തുന്ന മനുഷ്യരുടെ ജീവിതരീതി പഠിക്കാൻ പല ഗവേഷകരും താത്പര്യപ്പെടുന്നുണ്ട്.
ശരീരത്തിന്റെ പൂർണമായ പുനഃക്രമീകരണം ഭൂമിയിലെത്തിയാൽ ആവശ്യമാണെന്ന് ദൗത്യത്തിന് പുറപ്പെടുന്നതിനുമുൻപ് ബഹിരാകാശ യാത്രികരുടെ ആരോഗ്യനില ചിട്ടപ്പെടുത്തിയ ഫ്ളൈറ്റ് സർജൻ ഡോ.ഹനാൻ അൽ സുവൈദി പറഞ്ഞു. പേശികൾ, അസ്ഥികൾ, ആന്തരികാവയവങ്ങൾ എന്നിവയെല്ലാം ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടേണ്ടതുണ്ട്. ഈ പരിവർത്തന സമയത്ത് തലക്കറക്കം, ഛർദി പോലുള്ള ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. ഈ അവസ്ഥ ദിവസങ്ങളോളം നീണ്ടുനിൽക്കാം. അതുകൊണ്ടാണ് പ്രത്യേക ജീവിതരീതി അവലംബിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആഴ്ചകൾക്കുശേഷമായിരിക്കും അവർ സാധാരണജീവിതത്തിലേക്ക് മടങ്ങിവരുകയെന്നും അദ്ദേഹം പറഞ്ഞു.