യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും. ഷാർജ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലാണ് മഴയുണ്ടായത്. ഷാർജയിലെ മലീഹ, ഇബ്ൻ റാഷിദ് റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അൽദൈദ് റോഡിൽ നേരിയ ആലിപ്പഴ വർഷവുമുണ്ടായി.
മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ എത്തിയ കാറ്റിനൊപ്പമായിരുന്നു മഴ. ഇതേതുടർന്ന് ദൂരക്കാഴ്ച 3000 മീറ്ററിൽ താഴെയായി. മലനിരകളിൽനിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം ഡാമുകൾ നിറച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ചില ഭാഗങ്ങളിൽ ഇന്നും മഴ ലഭിക്കും.