യുഎഇയില്‍ ഞായറാഴ്ച മുതല്‍ മഴ പെയ്തേക്കും; ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കും
യുഎഇയില്‍ മഴ പ്രവചിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഞായറാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്തയാഴ്ച അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നുമാണ് മുന്നറിയിപ്പ്. രാജ്യത്തിന്‍റെ തെക്കന്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കും. നേരിയതോ മിതമായ തോതിലോ മഴ പെയ്യുമെങ്കിലും ചില സമയങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
മഴയ്ക്ക് പുറമെ ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകാൻ സാധ്യതയുണ്ട്. ബുധനാഴ്ച മഴയ്ക്ക് ശമനമുണ്ടാകുമെങ്കിലും വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ പെയ്യാൻ സാധ്യതയുണ്ട്. കാറ്റ് വീശുന്നത് പൊടി ഉയരാന്‍ കാരണമാകും. ബുധനാഴ്ച കാറ്റിന്‍റെ വേഗത കുറയും. ചില സമയങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധിക്കിടെ ഇന്നലെ പല സ്ഥലങ്ങളിലും ഇടിമിന്നലോടു കൂടിയ മഴ പെയ്തിരുന്നു. ദുബൈയുടെ പല ഭാഗങ്ങള്‍, അബുദബി, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അല്‍ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളില്‍ വ്യാഴാഴ്ച മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.